X

കേരളത്തില്‍ നിന്നും മുത്തൂറ്റും കൊശമറ്റവും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 1,700 കോടി

ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലയില്‍ നിന്നായി എസ്ബിടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, കൊശമറ്റം ഫിനാന്‍സ് എന്നിവര്‍ കേരളത്തില്‍ നിന്നും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ആകെ 4000 കോടി രൂപ.

ബിസിനസ് വളര്‍ച്ചയ ഉറപ്പാക്കുന്നതിനും മൂലധന പര്യാപ്ത മെച്ചപ്പെടുത്തുന്നതിനും മറ്റുമായി സംസ്ഥാനത്തെ ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനസേവന മേഖലകളിലെ അഞ്ചു സ്ഥാപനങ്ങള്‍ നാലായിരം കോടിയുടെ ധനസമാഹരണം ലക്ഷ്യമിടുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കടപ്പത്രങ്ങള്‍, ഓഹരികള്‍ എന്നിവ മുഖേന തുക സമാഹാരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ കൂട്ടത്തില്‍ ഏറ്റവും വലിയ തുക ലക്ഷ്യമിടുന്നത് ബാങ്ക് ഇതര ധനസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ആണ്. പുതുവര്‍ഷത്തില്‍ 1,400 കോടിയുടെ എന്‍സിഡി(ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള്‍)കള്‍ പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ്. ക്രിസില്‍, ഐസിആര്‍ഐ എന്നീ ഏജന്‍സികള്‍ മികച്ച സുരക്ഷിതത്വ റേറ്റിംഗ്് നല്‍കിയിട്ടുള്ള മുത്തൂറ്റിന്റെ കടപത്രങ്ങള്‍ 400 ദിവസം മുതല്‍ അഞ്ചുവര്‍ഷംവരെ വിവിധ കാലാവധികള്‍ നല്‍കിയായിരിക്കും സ്ഥാപാനം പുറപ്പെടുവിക്കുക.

മുത്തൂറ്റിന്റെ ഈ നീക്കം സമാഹരിക്കുന്ന തുകയുടെ കാര്യത്തില്‍ അവര്‍ക്ക് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമാണ് ഉണ്ടാക്കി കൊടുക്കുക. കേരളം ആസ്ഥാനമായുള്ള ഒരു കമ്പനി എന്‍സിഡി വഴിയോ ഓഹരി ഇഷ്യു വഴിയോ ആയിരം കോടി രൂപയ്ക്കു മുകളില്‍ സമാഹരിക്കുന്നത് ഇതാദ്യമായിരിക്കും.

മൂത്തുറ്റ് കഴിഞ്ഞാല്‍ എന്‍ബിഎഫ്‌സി(ബാങ്ക് ഇതര ധനസ്ഥാപനം) വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു ധനകാര്യസേവന സ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് 300 കോടിയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. അവര്‍ ഡിസംബര്‍ 22 മുതല്‍ എന്‍സിഡി വഴി ധനസമാഹരണം ആരംഭിച്ചു കഴിഞ്ഞു. 150 കോടി രൂപയാണ് കൊശമറ്റം ലക്ഷ്യമിടുന്നതെങ്കിലും അത്ര തന്നെ തുകയ്ക്കുകൂടി അനുമതി ഉള്ളതിനാല്‍ മൊത്തം 300 കോടി സമാഹരിക്കാന്‍ കഴിയുമെന്നാണവര്‍ പ്രതീക്ഷിക്കുന്നത്.

ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള എസ്ബിടി, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവര്‍ 2,230 കോടിയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗതമായി പറയുകയാണെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 600 കോടിയും എസ് ഐ ബി 630 കോടിയും ലക്ഷ്യമിടുമ്പോള്‍ സിഎസ്ബി 1000 കോടിയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ ബാസല്‍-3 നിബന്ധനകള്‍ക്ക് അനുസൃതമായ കടപ്പത്രങ്ങള്‍ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച് തുക സമാഹരിക്കാനാണ് എസ്ബിടി ലക്ഷ്യമിടുന്നത്. അതേസമയം ലയനനീക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനാല്‍ ഏതാനും മാസങ്ങള്‍ക്കകം തന്നെ എസ്ബിടി എസ്ബിഐയില്‍ ലയിക്കുകയും ചെയ്യും.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഈയിനത്തില്‍ ലക്ഷ്യമിടുന്ന 630 കോടി നിലവിലെ ഓഹരി ഉടമകള്‍ക്ക് അവകാശ ഒഹരികള്‍ അനുവദിച്ച് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാങ്കിന് ഇപ്പോള്‍ 2,68,551 ഓഹരി ഉടമകളാണ് ഉള്ളത്. 3/1 എന്ന അനുപാതത്തില്‍ 45 കോടി അവകാശ ഓഹരികളാണ് ബാങ്ക് പുറപ്പെടുവിക്കുക. ഒരു രൂപ മുഖവിലയുള്ള ഓഹരി 13 രൂപ പ്രീമിയത്തില്‍ നല്‍കും.

ബാങ്കിംഗ് മേഖലയില്‍ നിന്നും ഏറ്റവും അധികം തുക സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് കാത്തലിക് സിറിയന്‍ ബാങ്കാണ്. 1000 കോടിയാണ് അവര്‍ ലക്ഷ്യമിടുന്നതെങ്കിലും ചില കടമ്പകള്‍ കടക്കേണ്ടതുണ്ട് സിഎസ്ബിക്ക്. കാനഡ ആസ്ഥാനമായയുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സുമായുള്ള ഇടപാട് പൂര്‍ത്തിയായാല്‍ മാത്രമാണ് അവരുടെ ലക്ഷ്യം സാധ്യമാവുക. ഇപ്പോള്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 10.69 ശതമാനം മാത്രമാണ്. അതായത് നിശ്ചിത മാനദണ്ഡ പ്രകാരം വേണ്ടതിനെക്കാള്‍ 0.44 ശതമാനം കൂടുതല്‍ മാത്രം. വികസനാവശ്യങ്ങള്‍ സാധ്യമാകണമെങ്കില്‍ 500 കോടി രൂപയെങ്കിലും അധിക മൂലധനമായി സിഎസ്ബിക്ക് വേണമെന്നു സാരം. ഈ സാഹചര്യത്തിലാണ് ഫെയര്‍ഫാക്‌സ് ഹോള്‍ഡിംഗ്‌സിന് 51 ശതമാനം ഓഹരി പങ്കാളിത്തം അനുവദിക്കാന്‍ ബാങ്ക് തീരുമാനിച്ചത്. ഈ ഇടപാട് നടന്നാല്‍ ബാങ്ക് ലക്ഷ്യമിട്ടതുപോലെ ആയിരം കോടി സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇതുവഴി കിട്ടുന്ന മൂലധനം കൊണ്ട് ബിസിനസ് പത്തിരട്ടി വര്‍ദ്ധിപ്പിക്കുകയുമാവാം. നിലവില്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബിസിനസ് 25,000 കോടിയോളം മാത്രമാണ്. കണക്കൂട്ടല്‍ അനുസരിച്ച് ഫെയര്‍ഫാക്‌സുമായുള്ള ഇടപാട് അടുത്ത മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും സിഎസ്ബി വിശ്വസിക്കുന്നു.

This post was last modified on December 25, 2016 6:52 pm