X

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: നമോ ബ്രിഗേഡ് സ്ഥാപകന് പങ്കെന്ന് പൊലീസ്‌

അഴിമുഖം പ്രതിനിധി

മാംഗളൂരുവില്‍ കഴിഞ്ഞമാസം 21-ന് വിവരാവകാശ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നമോ ബ്രിഗേഡിന്റെ സ്ഥാപകനായ നരേഷ് ഷെണോയിയെ കര്‍ണാടക പൊലീസ് തിരയുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദിയെ പിന്തുണയ്ക്കാനാണ് നമോ ബ്രിഗേഡ് സ്ഥാപിച്ചത്.

കര്‍ണാടകയിലെ ആര്‍ എസ് എസുമായി അടുത്ത ബന്ധമുള്ള നരേഷ് സംഘടനയുടെ സ്ഥാപകരില്‍ ഒരാളാണ്. വിനായക് പാണ്ഡുരംഗ് ബലിഗ (51)യെ ഇയാളും മൂന്നു കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

അന്വേഷണത്തിന്റെ ഭാഗമായി നരേഷിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഒരാഴ്ചയിലേറെയായി ഇയാള്‍ ഒളിവിലാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു.

ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ് കൊല്ലപ്പെട്ട ബലിഗ. മാംഗ്ലൂരിലെ ഒരു ക്ഷേത്രത്തിലെ ഒമ്പത് കോടി രൂപയുടെ ക്രമക്കേടുകള്‍ വിവരാവകാശ അപേക്ഷകളിലൂടേയും അന്വേഷണങ്ങളിലൂടേയും ബലിഗ പുറത്തു കൊണ്ടു വന്നിരുന്നു. മാംഗ്ലൂരിലെ ഭൂമി കൈയേറ്റങ്ങളേയും നിയമ വിരുദ്ധമായ കെട്ടിടങ്ങളേയും കുറിച്ചുള്ളതടക്കം വിവിധ വിഷയങ്ങളില്‍ 92 ആര്‍ടിഐ അപേക്ഷകള്‍ ബലിഗ നല്‍കിയിട്ടുണ്ട്. എന്നാല്‍ സാരസ്വത് ഗൗഡ ബ്രാഹ്മിന്‍ സമൂഹത്തിന്റെ ക്ഷേത്രമായ വെങ്കടരമണ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. നരേഷും ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ബലിഗ മൂലം പൊറുതി മുട്ടിയ ചില അധികൃതരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

വെങ്കടരമണ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ പുലര്‍ച്ചെ അഞ്ചേമുക്കാലിനാണ് ബലിഗയെ വെട്ടിക്കൊലപ്പെടുത്തുന്നത്. അവിവാഹിതനായ ബലിഗ മാതാപിതാക്കള്‍ക്കും അവിവാഹിതരായ രണ്ട് സഹോദരിമാര്‍ക്കുമൊപ്പം കോഡിബയാലിലാണ് വസിച്ചിരുന്നത്.

കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പൊലീസ് നിഷിത് ദേവാഡിഗ (23), വിനിത് പൂജാരി (26) എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

This post was last modified on December 27, 2016 3:59 pm

Related Post
Leave a Comment