X

ഇത് ദേശീയ അവാര്‍ഡല്ല, ബിജെപി അവാര്‍ഡ്: പഞ്ചാബി സംവിധായകന്‍

അഴിമുഖം പ്രതിനിധി

വാണിജ്യ സിനിമകള്‍ക്കുവേണ്ടി പ്രാദേശിക സിനിമകളെ ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ അവഗണിച്ചുവെന്ന് പഞ്ചാബി സിനിമ സംവിധായകനായ ഗുരുവീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു. ഇത്തവണത്തെ ദേശീയ അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും പ്രഹസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിംഗിന്റെ ചൗത്തി കൂത് എന്ന സിനിമ 2015-ലെ കാന്‍ ചലച്ചിത്രോത്സവത്തിലും സിംഗപ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡുകളുടെ കൂട്ടത്തില്‍ മികച്ച പഞ്ചാബി സിനിമയ്ക്കുള്ള അവാര്‍ഡും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു.

തന്റെ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ പ്രധാനപ്പെട്ട അവാര്‍ഡുകളും വാണിജ്യ സിനിമയ്ക്ക് ലഭിച്ചു. ഏറ്റവും മോശം സിനിമയായ ബാഹുബലിക്ക് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇത് ദേശീയ അവാര്‍ഡല്ല. ഇതൊരു ബിജെപി അവാര്‍ഡായിട്ടാണ് എനിക്ക് തോന്നുന്നത്, അദ്ദേഹം പറഞ്ഞു.

കലാമൂല്യമുള്ള സിനിമകള്‍ ഇത്തവണ അവഗണിക്കപ്പെട്ടു. പ്രാദേശിക സിനിമകളെ ലക്ഷ്യമിട്ടുള്ളതാണ് ദേശീയ അവാര്‍ഡുകള്‍. എന്നാല്‍ അവ ഇത്തവണ പൂര്‍ണമായും അവഗണിക്കപ്പെട്ടു. എല്ലാ അവാര്‍ഡുകളും ബോളിവുഡിനാണ് ലഭിച്ചത്, സിംഗ് കൂട്ടിച്ചേര്‍ത്തു. ബാഹുബലി, ദ ബിഗിനിങ്, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, പിക്കു, ബജ്‌റംഗി ഭായ്ജാന്‍, ബാജിറാവു മസ്താനി തുടങ്ങിയ വാണിജ്യ സിനിമകള്‍ക്കാണ് ഇത്തവണ പ്രാധാന്യം ലഭിച്ചിരുന്നത്. തെക്കേ ഇന്ത്യയില്‍ നിന്നുള്ള ബാഹുബലി ഒഴിച്ചുള്ള പ്രാദേശിക സിനിമകളും അവഗണിക്കപ്പെട്ടു.

This post was last modified on December 27, 2016 3:53 pm