X

നിരോധനം: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ഡിടിവി സുപ്രീംകോടതിയില്‍

അഴിമുഖം പ്രതിനിധി

ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ഡിടിവി കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ചേര്‍ന്നാണ് എന്‍ഡിടിവി ഇക്കാര്യം അറിയിച്ചത്.

പത്താന്‍കോട്ട് ഭീകരവിരുദ്ധ ഓപ്പറേഷന്‍ സമയത്ത് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി വാര്‍ത്തയാക്കിയെന്ന് ആരോപിച്ചാണ് നവംബര്‍ ഒമ്പതിന് ചാനല്‍ ഓഫ് എയര്‍ ആക്കുന്ന കാര്യം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രഖ്യാപിച്ചത്. 2015ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് (ഭേദഗതി) ചട്ടങ്ങള്‍ ചാനല്‍ ലംഘിച്ചതായാണ് സര്‍ക്കാരിന്‌റെ ആരോപണം. ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ക്ക് സഹായകമാണെന്നും ഇത് ദേശീയ സുരക്ഷയേയും സാധാരണ പൗരന്മാരുടേയും സൈനികരുടേയും ജീവനെ ബാധിക്കുന്നതാണെന്നും ഐ ആന്‍ഡ് ബി മന്ത്രാലയം വിലയിരുത്തി.

      
എന്നാല്‍ മറ്റ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മാത്രമാണ് തങ്ങളും റിപ്പോര്‍ട്ട് ചെയ്തതെന്ന് എന്‍ഡിടിവി വ്യക്തമാക്കുന്നുണ്ട്. വലിയ പ്രതിഷേധമാണ് മാദ്ധ്യമലോകത്ത് നിന്നും പുറത്ത് നിന്നും നിരോധനത്തിനെതിരെ ഉയര്‍ന്നത്. മാദ്ധ്യമസ്വാതന്ത്ര്യം തടഞ്ഞ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥ കാലത്തേതിന് സമാനമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വിലയിരുത്തിയത്. സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്ന് മുംബയ് പ്രസ് ക്ലബ് കുറ്റപ്പെടുത്തി. നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മുംബയ് പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 2:18 pm