X

പ്ലാസ്റ്റിക്ക് പാടില്ല; ഇനി കല്യാണം പച്ചയാകും

ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് വിവാഹ വേദികളില്‍ പരിശോധന നടത്തും

വിവാഹത്തിന് ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിവാഹങ്ങള്‍ പ്രകൃതി സൌഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തിലും കൊല്ലത്തും ആദ്യഘട്ടത്തില്‍ നടപ്പിലാക്കും. ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ആയിരിക്കും രണ്ടാംഘട്ടം.

പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കുപ്പികള്‍, സിസ്പോസബിള്‍ ഗ്ലാസുകള്‍ എന്നിവ ഒഴിവാക്കിക്കൊണ്ട് പ്ലാസ്റ്റിക് രഹിത കല്യാണമാണ് ഹരിത പ്രോട്ടോക്കോള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തെര്‍മോക്കോള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും.

കല്യാണ മണ്ഡപങ്ങളില്‍ നടത്തുന്ന വിവാഹങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. കൂടാതെ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും വിവാഹ വേദികളില്‍ പരിശോധന നടത്തും.

This post was last modified on May 5, 2017 6:36 am