X

കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ എത്തി, വീട്ടിലില്ലാത്തതുകൊണ്ട് മടങ്ങി

വളരെ ഗൗരവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇതില് മുഖ്യ സൂത്രധാരനെന്ന ആരോപണം നേരിടുന്നയാളാണ് ചിദംബരം എന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ സിബിഐ സംഘമെത്തി മടങ്ങി. ചിദംബരം വീട്ടിലില്ലാത്തതിനാലാണ് സിബിഐ സംഘം മടങ്ങിയത്. ഐഎന്‍എക്‌സ് മാക്‌സ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണിത്. ചിദംബരത്തെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാവുന്ന നിലയാണുള്ളത്. ജാമ്യം തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പി ചിദംബരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ ആയിരിക്കും ചിദംബരത്തിന് വേണ്ടി ഹാജരാവുക.

ഗൂഢാലോചനയില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതാണ് എന്നും ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതാണ് എന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യമായതായും ജഡ്ജി സുനില്‍ ഗൗര്‍ പറഞ്ഞു. വളരെ ഗൗരവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇതില് മുഖ്യ സൂത്രധാരനെന്ന ആരോപണം നേരിടുന്നയാളാണ് ചിദംബരം എന്നും കോടതി ചൂണ്ടിക്കാട്ടി.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയായ കേസാണിത്. ടെലിവിഷന്‍ കമ്പനിയായ ഐഎന്‍എസ് മീഡിയയ്ക്ക്, വിദേശ സംഭാവന സ്വീകരിക്കല്‍ ചട്ടം ലംഘിച്ച് നിയമവിരുദ്ധമായി 305 കോടി രൂപ സ്വീകരിക്കാനുള്ള അവസരമുണ്ടാക്കിയതില്‍ കാര്‍ത്തി ചിദംബരം കോഴ വാങ്ങിയെന്നും അന്നത്തെ കേന്ദ്ര ധന മന്ത്രി പി ചിദംബരം ഐഎന്‍എക്‌സ് മീഡിയയ്ക്ക് അനധികൃതമായി സഹായം നല്‍കി എന്നുമാണ് കേസ്. മകള്‍ ഷീന ബോറയെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമാണ് ഐഎന്‍എക്‌സ് മീഡിയയുടെ ഉടമസ്ഥര്‍.

This post was last modified on August 20, 2019 10:08 pm