X

വർഗീയ പരാമർശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുദ്ധിപത്രം, അസംഖാന് 48 മണിക്കൂർ വിലക്ക്

ഹിന്ദുക്കളെ ഭയന്ന് രാഹുൽ ഗാന്ധി ന്യൂന പക്ഷ മേഖലയിലേക്ക് ഒളിച്ചോടി എന്നായിരുന്നു പരാമർ‌ശം. എന്നാൽ മോദിയുടെ പരാമർശത്തിൽ വർ‌ഗീയത കണ്ടെത്താനായില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശങ്ങളിൽ പ്രധാന മന്ത്രി മോദി പെരുമാറ്റച്ചട്ടം ലംഘിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി പ്രസംഗങ്ങളില്‍ ഉൾപ്പെടെ നടത്തുന്ന പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ പരാതി തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ശുദ്ധി പത്രം നൽകിയിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ‌ രാഹുല്‍‌ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിറകെ വാർധയിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കമ്മീഷനെ സമീപിച്ചത്. ഹിന്ദുക്കളെ ഭയന്ന് രാഹുൽ ഗാന്ധി ന്യൂന പക്ഷ മേഖലയിലേക്ക് ഒളിച്ചോടി എന്നായിരുന്നു പരാമർ‌ശം. എന്നാൽ മോദിയുടെ പരാമർശത്തിൽ വർ‌ഗീയത കണ്ടെത്താനായില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

അതേസമയം, റഫേല്‍ കേസിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെത്തിരെ നടത്തി വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് കോടതിയും സമ്മതിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശത്തിലാണ് സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് രാഹുഗാന്ധി മാപ്പ് പറയാൻ തയ്യാറായത്. പ്രസ്താവനയിൽ ഖേദ പ്രകടനം എന്നത് മാറ്റി മാപ്പ് പറയുന്ന തരത്തിലേക്ക് രാഹുല്‍ എത്തിയത്. എന്നാൽ രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കോടതി നിര്‍ദേശ പ്രകാരം പുതുക്കിയ സത്യവാങ്മൂലം തിങ്കളാഴ്ച സമർപ്പിക്കും.

അതിനിടെ വർഗീയ പരാമർശം നടത്തിയതിന്റെ പേരിലും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനു  സമാജ് വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.  പ്രചാരണത്തിൽ നിന്ന് 48 മണിക്കൂറാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 25ന് നടത്തിയ പ്രസംഗത്തിലാണ് അസംഖാൻ വർഗീയ പരാമർശം നടത്തിയത്. കാർഗിൽ യുദ്ധത്തെ കുറിച്ചു പരാമർശിച്ച ഖാന്‍ വർഗീയ മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്നാണ്  ആരോപമം.

കാർഗിൽ യുദ്ധത്തിൽ ഹിന്ദുക്കളായ പട്ടാളക്കാരും മുസ്ലീംകളായ പട്ടാളക്കാരും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ പട്ടാളക്കാരെ കബളിപ്പിക്കാനായി ഇന്ത്യൻ പട്ടാളക്കാർ നാരാ ഇ തക്ബീർ അല്ലാഹു അക്ബർ എന്ന് വിളിച്ചു. ഇത് സ്വന്തം പട്ടാളക്കാരാണെന്ന് തെറ്റിദ്ധരിച്ച പാക് പട്ടാളക്കാർ ഇവരുടെ വലയിലേക്ക് വരികയായിരുന്നു. അങ്ങനെ ഇന്ത്യൻ പട്ടാളക്കാർ എളുപ്പത്തിൽ ഇവരെ പരാജയപ്പെടുത്തി- അസംഖാൻ പറഞ്ഞു. ഇതാണ് വിലക്കിന് കാരണമായത്.

 

 

This post was last modified on May 1, 2019 6:15 am