കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയെത്തിയ മൂന്നുപേരുള്‍പ്പെടെ നാല് എം.എല്‍.എ.മാരെ ചേര്‍ത്ത് മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ
ബിജെപി മുന്നണിയിലെ സഖ്യ കക്ഷിയായിരുന്ന ഗോവ ഫോർവേഡ് ബ്ലോക്ക് മുന്നണി നിട്ടു. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനായി നിലവിലുണ്ടായിരുന്ന നാലു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ (ജി.എഫ്.പി.) മന്ത്രിമാരും സ്വതന്ത്ര അംഗവും റവന്യൂ മന്ത്രിയുമായ റോഹന്‍ ഖൗണ്ടെയുമാണ് പുറത്തായത്. ഇതിന് പിന്നാലെയാണ് ജി.എഫ്.പി മുന്നണി വിടുന്നതായി അറിയിച്ചത്.
ജി.എഫ്.പി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ഇക്കാര്യം അറിയിച്ചത്. ഡോ. പ്രമോദ് സാവന്ത് മന്ത്രി സഭയിക്കുള്ള പിന്തുണ നിരുപാധികം പിൻവലിക്കുകയാണ്. ഇന്ന് ചേർന്ന പാർട്ടി നിയമ സഭാകക്ഷി യോഗവും രാഷ്ട്രീയ കാര്യ സമിതിയുടേയുമാണ് തീരുമാനമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേകര്‍, ജെന്നിഫര്‍ മോണ്‍സെരാട്ടെ, ഫിലിപെ നെരി റോഡ്രിഗസ് എന്നിവരും ഡെപ്യൂട്ടി സ്പീക്കറായിരുന്ന മൈക്കല്‍ ലോബോയുമാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രതിപക്ഷ നേതാവായിരുന്നു ചന്ദ്രകാന്ത് കവ്‌ലേകര്‍ ഉപമുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയത്. ഗോവ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. കൂറുമാറി 10 കോണ്‍ഗ്രസ് എം.എല്‍.എ.മാർ ബി.ജെ.പി.യിലേക്ക് മാറിയതോടെ ഗോവയിലെ നാല്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം ഇതോടെ അഞ്ചായിച്ചുരുങ്ങി. ബി.ജെ.പി.യുടേതാകട്ടെ 27 ആയി ഉയരുകയും ചെയ്തിരുന്നു.
അതേസമയം, മന്ത്രിമാരെ പുറത്താക്കിയതിനെതിരെ ജി.എഫ്.പി. അംഗവും മന്ത്രിമായിരുന്ന വിജയ് സര്‍ദേശായി രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ത്തിയിരുന്നത്. റഷ്യയില്‍ സ്റ്റാലിന്റെ മരണത്തിന് ശേഷം എത്തിയ ക്രൂഷ്‌ചേവ് നടപ്പാക്കിയ ഡി സ്റ്റാലിനേഷനോടാണ് ഗോവയിലെ പുതിയ സംഭവ വികാസത്തെ വിജയ് സര്‍ദേശായി ഉപമിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പൈതൃകത്തെ പൂര്‍ണമായും തുടച്ചുനീക്കാനാണ് നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
This post was last modified on July 14, 2019 6:37 pm
Leave a Comment