X

കൊച്ചിയില്‍ വിദ്യാര്‍ത്ഥിക്ക് നിപ തന്നെയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി; റിപ്പോര്‍ട്ട് കിട്ടിയാലേ സ്ഥിരീകരിക്കാനാവൂ

നിപ തന്നെയെന്ന് ഉറപ്പിക്കാന്‍ പൂനെയിലെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സാധിക്കൂ എന്നു മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധിച്ചതായി സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെകെ ശൈലജ. അതേസമയം നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലെ മറ്റ് രോഗികളൊന്നും തന്നെ ആശങ്കപ്പെടേണ്ടതില്ല. അതേസമയം നിപ തന്നെയെന്ന് ഉറപ്പിക്കാന്‍ പൂനെയിലെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സാധിക്കൂ എന്നു മന്ത്രി പറഞ്ഞു. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അടക്കമുള്ളവയാണ് വരാനുള്ളത്. രാത്രി 7.30ഓടെ ഫലം പുറത്തുവന്നേക്കും.

നിപ ബാധിച്ചതായി സംശയിക്കുന്ന വിദ്യാര്‍ത്ഥിയെ പരിചരിച്ചിരുന്ന അമ്മയും അമ്മയുടെ സഹോദരിയും അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാര്‍ത്ഥികളുമായി ഇടപെട്ട 86 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ഇവര്‍ക്കാര്‍ക്കും ഇതുവരെ പനിയടക്കമുള്ള പ്രശ്‌നങ്ങളില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്‍റെയും ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെയും നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 1077, 1056 എന്നീ നമ്പറുകളില്‍ വിളിച്ച് സംശയനിവാരണം നടത്താം. ആത്മവിശ്വാസത്തോടെ നേരിടുമെന്നും മന്ത്രി എറണാകുളത്തെ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ സഹകരിച്ച പോലെ മാധ്യമങ്ങള്‍ സഹകരിക്കണമെന്നും ജനങ്ങളെ ഭീതിയിലാക്കരുത് എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും, രോഗി സഞ്ചരിച്ച തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ കൃത്യമായി പ്രതിരോധത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കോഴിക്കോട്, കളമശ്ശേരി, ഇടുക്കി മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിപ ബാധയുണ്ടായപ്പോൾ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ ഡോക്ടർമാരുടെ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകുന്ന വിധമാണ് ഐസൊലേഷൻ വാർഡിലെ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രോഗമുണ്ടെന്ന സംശയത്തോടെ ആരെത്തിയാലും വിദഗ്‍ധ സംഘത്തിന്‍റെ പരിചരണം ഉറപ്പാക്കാനും നടപടി എടുത്തതായി മന്ത്രി അറിയിച്ചു.

This post was last modified on June 3, 2019 6:59 pm