X

തട്ടിക്കൊണ്ടുപോയ യുവാവിനെ ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചു; രണ്ട് പോലിസുകാര്‍ക്ക് പരിക്ക്

രാജ് കുമാറിനെ മോചിപ്പിക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ നിന്നും ഭാര്യക്ക് സന്ദേശം ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

ഡല്‍ഹിക്ക് സമീപപ്രദേശമായ ഗാസിയബാദില്‍ നിന്നും തട്ടിക്കൊണ്ട് പോയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പോലിസ് മോചിപ്പിച്ചു. അക്രമിസംഘവുമായി നടത്തിയ ഏറ്റുമുട്ടലിന് ശേഷമാണ് യുവ എഞ്ചിനീയറെ പോലിസ് ഇന്നു പുലര്‍ച്ചെ രക്ഷപ്പെടുത്തിയത്. നോയിഡിയിലെ എച്ച് സിഎല്‍ ടെക്‌നോളജീസിലെ ജീവനക്കാരനായ രാജ്കുമാര്‍ എന്ന യുവാവിനെ മേയ് 23നാണ്  ആക്രമിസംഘം തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം പിറന്നാളാഘോഷത്തിന് തയ്യാറെടുക്കവെയായിരുന്നു സംഭവം.

രാജ് കുമാറിനെ മോചിപ്പിക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ നിന്നും ഭാര്യക്ക് സന്ദേശം ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം പോലിസിനെ സമീപിക്കുകയായിരുന്നു. ഗാസിയാബാദ് രാജ് നഗര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലൊടുവില്‍ യുവാവ് ഗാസിയാബാദിന് സമീപത്തെ ഇന്ദ്രപുരത്തുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന നോയിഡ പോലിസിലെ പ്രത്യേക കര്‍മ്മസേന നടത്തിയ നീക്കത്തിലൂടെ യുവാവിനെ മോചിപ്പിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലിസുകാര്‍ക്കും രണ്ട് അക്രമികള്‍ക്കും പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. യുവാവിനെ കടത്തിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘം നേരത്തെയും സമാനമായ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്നും പോലിസ് അറിയിച്ചു.