X

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടി ഇന്നു മുതൽ ആരംഭിക്കും. 

കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് ഇന്ന് മുതൽ സർക്കാർ നടപ്പാക്കുമ്പോൾ ജോലി നഷ്ടപ്പെടുന്നത് 3,872 ജീവനക്കാർക്ക്. പത്തുവര്‍ഷത്തില്‍ത്താഴെ മാത്രം സര്‍വീസുള്ള എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നു മുതൽ നടപ്പാക്കുന്നതോടെ ജീവനക്കാർക്ക് പിറകെ കെഎസ്ആർടിസിയെ തന്നെ അത് പ്രതിസന്ധിയിലേക്ക് നീക്കുമെന്നാണ് വിലയിരുത്തൽ.

പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവിലാണ് താത്ക്കാലിക എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് ലിസ്റ്റിലുള്ളവരെ ജോലിക്കായി പരിഗണിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്നുമുതൽ ആരംഭിക്കും.

ആരാണ് എം പാനൽ ജീവനക്കാർ?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം കിട്ടയവരാണ് നിലവില്‍ പിരിച്ചുവിടപ്പെടുന്ന ഉദ്യോഗസ്ഥരിൽ അധികവും. ഏറ്റവുമൊടുവില്‍ 2007-2008 കാലഘട്ടത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എംപാനല്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. ഇപ്പോള്‍ ജോലി ചെയ്യുന്നവരില്‍ ഹൈക്കോടതി വിധി പ്രകാരം പുറത്താക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പത്തുവര്‍ഷത്തിനടുത്ത് സര്‍വീസ് അവകാശപ്പെടാനുള്ളവരാണ്. 480 രൂപയാണ് എംപാനല്‍കാര്‍ക്ക് ഒരു ദിവസത്തെ വേതനം.

സ്ഥിരജോലിക്കാര്‍ 26 ദിവസം ജോലി ചെയ്താല്‍ മതിയെങ്കില്‍, എംപാനല്‍ ജീവനക്കാര്‍ മാസത്തില്‍ മുപ്പതു ദിവസവും ജോലിക്കെത്തുന്നവരാണ്. വേതനം കുറവായതിനാല്‍ എല്ലാ ദിവസവും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണിവര്‍. കാലങ്ങളായി എംപാനല്‍ ജീവനക്കാരായി ജോലി നോക്കുന്നവരെ മാനുഷിക പരിഗണന കണക്കിലെടുത്ത് നേരത്തേ കോര്‍പ്പറേഷന്‍ സ്ഥിരപ്പെടുത്തിയിരുന്നു. തങ്ങളെയും കാലക്രമേണ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോയിരുന്നവര്‍ക്കാണ് ഓര്‍ക്കാപ്പുറത്ത് ഹൈക്കോടതിയുടെ പ്രഹരം.

ആരാണ് ഹർജിക്കാർ?

കെഎസ്ആർടിസി കണ്ടക്ടർ ലിസ്റ്റിൽ ഉൾപ്പെടുകയും അഡ്വൈസ് മെമ്മോ ഉൾപ്പെടെ ലഭിച്ചിട്ടും നിയമനം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് വിഷയം കോടതി മുമ്പാകെ എത്തിയത്. ഇതോടെ എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട്‌ പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികരായി തുടരുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

കോടതി ഉത്തരവ്

കെഎസ്ആർടിസി കണ്ടക്ടര്‍ ഉൾപ്പെടെ പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവിലാണ് താത്ക്കാലിക എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് ലിസ്റ്റിലുള്ളവരെ ജോലിക്കായി പരിഗണിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരും, നൂറ്റിയിരുപതു ദിവസത്തില്‍ കുറവു മാത്രം ജോലിക്കെത്തിയിട്ടുള്ളവരുമായ ജീവനക്കാരെ ഒരാഴ്ചയ്ക്കകം പിരിച്ചുവിടാനാണ് ഉത്തരവിലെ പരാമര്‍ശം. ഇതോടെ അഡൈ്വസ് മെമ്മോ അയച്ചിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചത്. ഇതോടെ പിഎസ് സി റാങ്ക് പട്ടികയിലുള്ള 4051 പേരെ നിയമിക്കാനുള്ള നടപടികളും ആരംഭിക്കാനും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക്‌ ഒരാഴ്‌ചയ്‌ക്കകം നിയമനം നൽകണമെന്ന കോടതി ഉത്തരവ്‌ നടപ്പാക്കാൻ വൈകിയതിനെ കോടതി വിമർശിച്ചു. അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് ഇന്ന് തന്നെ നിയമനം നല്‍കണമെന്നും കോടതി വ്യക്തമാക്കുന്നു.  ജസ്റ്റിസ് വി ചിദംബരേഷ്, ജസ്‌റ്റിസ്‌ ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.

ഗതാഗത മന്ത്രിക്ക് പറയാനുള്ളത്

ഹൈക്കോടതി വിധി പ്രകാരം എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നത് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിലവിലെ സാഹചര്യം താൽക്കാലികമായെങ്കിലും കെസ്ആർടിസിയിലെ പ്രതിസന്ധി രൂക്ഷമാക്കും. സർവീസുകൾ ഉൾപ്പെടെ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കുക എന്നത് മാത്രമാണ് സർക്കാറിന് മുന്നിലുള്ള വഴി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

നിലവിലുള്ള പിഎസ്സി ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കാൻ അടിയന്തിര നടപടികൾ തുടങ്ങി. ഇതു സംബന്ധിച്ച വിശദീകരണം നാളെ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ താൽക്കാലിക ജീവനക്കാർക്ക് പകരം പുതിയ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പറയുന്നു

എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി ഉത്തവ് നടപ്പിലാക്കി തുടങ്ങിയെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി. ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടീസ് അയച്ചുകഴിഞ്ഞു. കോടതി തന്നെ വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരെ പിരിച്ചു വിടുന്ന സമയത്ത് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട മുന്‍കരുതലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ ഒരു തരത്തിലും ബുദ്ധിമുട്ടരുതെന്നാണ് ആഗ്രഹിക്കുന്നത്. സാഹചര്യങ്ങൾ വ്യക്തമാക്കി നാളെ വിശദമായ സത്യവാങ്ങ് മുലം സമർപ്പിക്കും. അനുകൂലമായ കോടതി വിധി സമ്പാദിച്ച് താല്‍ക്കാലിക ജീവനക്കാര്‍ തിരിച്ചെത്തിയാല്‍ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കും തച്ചങ്കരി പറയുന്നു.

നിലവിലെ സാമ്പത്തിക സ്ഥിതി

പെന്‍ഷന്‍ കുടിശ്ശികയും ശമ്പളവും നല്‍കാന്‍ പകുതിയോളം ഡിപ്പോകളും പണയപ്പെടുത്തി ധന സമാഹരണം നടത്തേണ്ട സ്ഥിതിയിലാണ് നിലവിൽ കെഎസ്ആര്‍ടിസി. പ്രതിമാസം ഇരുന്നൂറ് കോടിയിലധികം രൂപ വരുമാനം നേടുമ്പോഴും വരുമാനത്തിന്റെ മുക്കാല്‍ പങ്കും പലിശകൊടുത്ത് മുടിയുകയും ദിവസേന കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ്. 52 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ മാത്രം കോര്‍പ്പറേഷന് ചെലവ് വരുന്നത്. കെഎസ്ആര്‍ടിസിക്ക് 3,000 കോടിയിലേറെ രൂപയുടെ ബാധ്യതയാണുള്ളത്. ആകെ ആസ്തി പതിനായിരം കോടിയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.

This post was last modified on December 17, 2018 6:28 pm