X

കള്ളവോട്ട്; ആരോപണങ്ങളും പ്രതിരോധവുമായി പാർട്ടികൾ, തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയും നേതാക്കൾ

ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ ഗൾഫിലുള്ള മകന്റെ വോട്ടുപോലും കള്ളവോട്ടായി രേഖപ്പെടുത്തിയെന്നാണ് മുസ്ലീം ലീഗിന്റെ പുതിയ ആരോപണം.

കാസർകോട്ടെ കള്ളവോട്ട് ആരോപണം പരസ്പരം ആയുധമാക്കി ഇടത് വലത് മുന്നണികൾ. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയതെന്ന് ആരോപിച്ച് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടതിന് പിറകെ പ്രതിരോധവുമായി സിപിഎമ്മും രംഗത്തെത്തിയതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായത്. യുഡിഎഫ് മുസ്ലീം ലീഗ് ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നായിരുന്നും സിപിഎം ആരോപണം. എന്നാൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ ഗൾഫിലുള്ള മകന്റെ വോട്ടുപോലും കള്ളവോട്ടായി രേഖപ്പെടുത്തിയെന്നാണ് മുസ്ലീം ലീഗിന്റെ പുതിയ ആരോപണം.

കുഞ്ഞിരാമൻ എംഎൽഎയുടെ മകൻ വിദേശത്ത് താമസിക്കുന്നതുമായ മധുസൂദനൻ വോട്ടെടുപ്പ് ദിവസം നാട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ലീഗ് നേതൃത്വം ആരോപിക്കന്നു. കൂട്ടക്കനി ജിയുപി സ്കൂളിൽ 132 ബൂത്തിലെ ഏഴാം വോട്ടറാണ് മധുസൂധനൻ. പക്ഷേ മധുസൂദനന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നും യുഡിഎഫ് ആരോപിക്കുന്നു. ഇയാളുടെ വോട്ട് സിപിഎം പ്രവർത്തകർ നിമയ വിരുദ്ധമായി രേഖപ്പെടുത്തിയെന്നും ലീഗ് ജില്ലാ പ്രസിഡന്റ് കമറുദ്ദീൻ ആരോപിക്കുന്നു.

അതേസമയം, ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എംഎൽഎ കുഞ്ഞിരാമൻ പ്രതികരിച്ചു. മധുസൂദനൻ നാട്ടിലുണ്ടോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു എംഎൽഎയുടെ മറുപടി. ആരോപണത്തിൽ കഴമ്പില്ലെന്ന് പറയുന്ന എംഎൽഎ ലീഗിനെതിരെ ഉയർന്നു വരുന്ന കള്ളവോട്ട് ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതെന്നും എംഎൽഎ പറയുന്നു.

എന്നാൽ വിദേശത്ത് ജോലിചെയ്യുന്നതും വോട്ടെടുപ്പ് ദിവസം ഇല്ലാതിരുന്നതുമായ നിരവധി പേരുടെ വോട്ടുകൾ മുസ്ലീം ലീഗ് പ്രവർത്തകർ രേഖപ്പെടുത്തിയെന്നും സിപിഎം പറയുന്നു. ഉദുമ നിയോജക മണ്ഡലത്തിലെ 126-ാം ബൂത്തിലെ 313-ാം വോട്ടർ അബൂബക്കർ സിദ്ദീഖ്, 315-ാം വോട്ടർ ഉമ്മർ ഫാറൂഖ്, 1091-ാം വോട്ടർ ഫവാദ്, 1100-ാം വോട്ടർ സുഹൈൽ, 1168-ാം വോട്ടർ ഇംതിയാസ് എന്നിവർ നിലവിൽ വിദേശത്താണുള്ളതെന്നും ഇവരുടെ വോട്ട് മറ്റുള്ളവർ ചെയ്തുവെന്നും സിപിഎം പറയുന്നു. 125-ാം ബൂത്തിൽ വോട്ടർ പട്ടികയിൽ നിന്നും തള്ളിയ രണ്ട് പേരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്.

അതിനിടെ, സര്‍ക്കാർ കാട്ടിയ അലംഭാവമാണ് കള്ളവോട്ട് വ്യാപകമായിക്കിയതെന്ന് കോൺഗ്രസം നേതാവ് കെ കരുണാകരൻ ആരോപിച്ചു. കോടതി നിര്‍ദേശിച്ചിട്ടുപോലും വടകരയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും കെ.മുരളീധരന്‍ ആരോപിച്ചു. അറുപത് ബൂത്തുകളിൽ കള്ള വോട്ട് നടന്നു. ഓഫീസർമാർക്ക് മതിയായ പരിശീലനം നൽകാത്തതാണോ അവരുടെ രാഷ്ട്രീയ ചായ്‍വാണോ സംഭവത്തിന് പിന്നിലെന്ന് അന്വഷിക്കണം. ബൂത്തുകളെ സംബന്ധിച്ച താൻ പരാതി നൽകിയിട്ടും പോലീസ് കേട്ടില്ലെന്നും പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും മുരളീധരൻ ആരോപിച്ചു.

കള്ളവോട്ട്​ നടന്നെന്ന് തെളിഞ്ഞ ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. കള്ള വോട്ട്​ ചെയ്ത സിപിഎമ്മിന് ഇനി ഭരണത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതികരിച്ച് ചെന്നിത്തല വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങൾക്ക്​ മുമ്പാകെ തെറ്റ്​ ഏറ്റു പറയണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയും നേതാക്കൾ രംഗത്തെത്തി. കള്ളവോട്ട്​ സംബന്ധിച്ച്​ യു.ഡി.എഫ്​ നടത്തുന്ന പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസറും പങ്കു​ ചേർന്നെന്നായിരുന്നു​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവർത്തിക്കുന്നത് ഏകപക്ഷീയമാവരുതെന്നായിരുന്നു കോടിയേരിയുടെ വാക്കുകൾ. ആരോപണ വിധേയരുടെ ഭാഗം കേൾക്കാൻ തയ്യാറാവാതെയാണ് കള്ളവോട്ടിൽ മൂന്ന്​ പേർ കുറ്റക്കാരാണെന്ന്​ മുഖ്യതിരഞ്ഞെടുപ്പ ഓഫീസർ നിഗമനത്തിലെത്തിയതെന്ന് കോടിയേരി കുറ്റപ്പെടുത്തി. നടപടികളെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം തെരഞ്ഞെടുപ്പ്​ ഓഫീസർ മാധ്യമ വിചാരണക്ക്​ അനുസരിച്ച്​ തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടു.

എന്നാൽ, തെരഞ്ഞെടുപ്പ്​ സംവിധാനം കണ്ണുരിൽ പ്രവർത്തിച്ചത് എൽ.ഡി.എഫിന്​വേണ്ടിയായിരുന്നെന്ന് കോൺഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ​ കെ. സുധാകരനും ആരോപിച്ചു. വിഷയം തെരഞ്ഞെടുപ്പ്​ ഫലത്തെ ബാധിച്ചെന്ന് ബോധ്യപ്പെട്ടാൽ റീപോളിങ്​ആവശ്യപ്പെടുമെന്നും സുധാകരൻ വ്യക്തമാക്കി.

വിവാദത്തിന് തുടക്കമിട്ട കണ്ണുരിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഓപ്പൺ വോട്ടാണെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ നിലപാട്. തിരഞ്ഞെടുപ്പ്​ ഓഫീസർ കഴിഞ്ഞ ദിവസം നിഗമനത്തിലെത്തി. എന്നാൽ തീരുമാനമെടുക്കും മുമ്പ്​ അദ്ദേഹം തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. കമ്മീഷൻ എങ്ങനെയാണ്​ ഇവ കള്ളവോട്ടാണെന്ന നിഗമനത്തിൽ എത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കള്ളവോട്ടിനെതിരായ നടപടികളുമായി വീട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പ്രതികിച്ചു.. വിഷയം ഗൗരവത്തോടെയാണ് കമീഷൻ വീക്ഷിക്കുന്നത്. മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപക കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പോലീസുകാരുടെ വോട്ടുമായി ബന്ധപ്പെട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിൻ മേൽ ഡി.ജി.പിയുടെ വിശദീകരണം ലഭിച്ചിരുന്നതായും വ്യക്തമാക്കി. എന്നാൽ നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്താനായില്ലെന്നും ടീക്കാറാം മീണ പറയുന്നു.

Also read- കോടതി വരാന്തയിലെ കാളിമൂപ്പന്‍; ദൈവങ്ങള്‍ ഉപേക്ഷിച്ച ഒരു പോരാളിയുടെ ജീവിതം / ഡോക്യൂമെന്ററി

 

 

 

This post was last modified on May 1, 2019 7:16 am