X

സ്വച്ഛ് ഭാരത് കക്കൂസിൽ പതിച്ച ടൈൽസിൽ ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍, വ്യാപക പ്രതിഷേധം

വിഷയം സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ശൗചാലയത്തിലെ ടൈലുകളിൽ മഹാത്മാ ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍. ഉത്തർപ്രദേശിലെ ബുലന്ദ്ഹറിലെ ഇച്ചാനഗര്‍ ഗ്രാമത്തില്‍ സ്ഥാപിച്ച കക്കൂസുകളുടെ ഭിത്തിയിലാണ് ഗാന്ധിമുഖമുള്ള ടൈലുകള്‍ പതിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി ബുലന്ദ്ഷഹറില്‍ നിര്‍മ്മിച്ച 508 കക്കൂസുകളിൽ 13 എണ്ണത്തിലാണ് ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍ പതിച്ചിരിക്കുന്നത്.

വിഷയം സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ജില്ലാഭരണ സിരാകേന്ദ്രത്തിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇതോടെ വിഷയത്തിൽ ജില്ലാ ഭരണകൂടവും ഇടപെട്ടു. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സ്വച്ഛ് ഭാരതിന്‍റെ ചുമതലയില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തി രാജ് ഓഫീസര്‍ അമര്‍ജീത് സിങ്ങ് അറിയിച്ചു.

ഒന്നാം മോദി സർക്കാറിന്റെ അഭിമാന പദ്ധതിയായാണ് സ്വച്ഛ് ഭാരത് അവതരിപ്പിച്ചത്. ശുചീകരണത്തിനായി പ്രധാനമന്ത്രി നേരിട്ടിറങ്ങിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരപ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് പദ്ധതി വീടുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയം നിര്‍മിക്കുന്നതിലും ഖരമാലിന്യ നിര്‍മാര്‍ജനത്തിലുമാണ് ശ്രദ്ധയൂന്നുന്നത്.

നിപ: സാഹചര്യം നിയന്ത്രണവിധേയം, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 314 ആയി