X

മേജര്‍ ഗോഗോയ് തങ്ങളുടെ വീട്ടില്‍ പരിശോധനയ്ക്ക്‌ എത്തിയതായി പെണ്‍കുട്ടിയുടെ മാതാവ്

രാത്രിയായിരുന്നു ഇവര്‍ പരിശോധനയ്‌ക്കെത്തിയത്, പരിശോധന വിവരം പുറത്തു പറയരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും മാതാവ് പറയുന്നു.

കൗമാരക്കാരിക്കൊപ്പം ഹോട്ടലില്‍ വച്ച് അറസ്റ്റിലായ വിവാദ മേജര്‍ ലീതുല്‍ ഗോഗോയ് രണ്ടു തവണ തങ്ങളുടെ വീട്ടില്‍ പരിശോധനയക്കെത്തിയിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാവ്. കഴിഞ്ഞ ദിവസം മേജറോടൊപ്പം ഉണ്ടായിരുന്ന സമീര്‍ അഹമ്മദും പരിശോധന സമയത്ത് കൂടെ ഉണ്ടായിരുന്നതായും മാതാവ് വെളിപ്പെടുത്തി. രാത്രിയായിരുന്നു ഇവര്‍ പരിശോധനയ്‌ക്കെത്തിയത്, പരിശോധന വിവരം പുറത്തു പറയരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും മാതാവ് പറയുന്നു.

കശ്മീരി യുവാവിനെ ജിപ്പിനുമുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ സംഭവത്തില്‍ വിവാദത്തിലായ സൈനികന്‍ കൗമാരക്കാരിക്കൊപ്പം ശ്രീനഗറിലെ മമത ഹോട്ടലില്‍ നിന്ന് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കവെയാണ് മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സമീര്‍ അഹമ്മദ് സൈനിക ഉദ്യോഗസ്ഥനാണെന്ന് പോലിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഹോട്ടലില്‍ സംഭവം നടന്ന ദിവസം രാവിലെ ബാങ്കിലേക്കെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഇവര്‍ തന്റെ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കയ്യില്‍ കരുതിയിരുന്നു. താന്‍ 500 രൂപ നല്‍കിയിരുന്നതായും മാതാവ് പോലിസിനോട് വെളിപ്പെടുത്തി. കൃഷിപ്പണിക്കാരിയായ താന്‍ വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സമീപവാസികള്‍ പറഞ്ഞാണ് വിവരം അറിഞ്ഞതെന്നും മാതാവ് പറയുന്നു.

തന്റെ മകള്‍ക്ക് 17 വയസാണെന്നാണ് മാതാവിന്റെ അവകാശ വാദം, എന്നാല്‍ പ്രായപൂര്‍ത്തിയെന്ന നിലയ്ക്കാണ് പോലിസ് നടപടികള്‍ പുരോഗമിക്കുന്നത്. രേഖകളില്‍ 1998ല്‍ ജനിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പോലിസ് പ്രതികരിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ ബന്ധുക്കള്‍ക്കൊപ്പം വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

സമീര്‍ അഹമ്മദ് എന്ന യുവാവിനൊപ്പം കഴിഞ്ഞ ദിവസമാണ് യുവതി സൈനികനെ കാണാനത്തിയത്. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇവരെ കാണാന്‍ അനുവദിച്ചില്ല. ഇതിനിടെ സ്ഥലത്തെത്തിയ പോലിസ് ഇവരെ അറസ്റ്റ് ചെയുകയായിരുന്നു. സൈനികനെ പിന്നീട് കശ്മീരിലെ അദ്ദേഹത്തിന്റെ സൈനിക യൂണിറ്റിലേക്ക് കൈമാറിയിരുന്നു. സൈന്യത്തിനെതിരായ കല്ലേറ് ചെറുക്കാന്‍ കശ്മീരിലെ ബദ്ഗാമില്‍ പ്രദേശവാസിയായ ഫാറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് മനുഷ്യകവചം തീര്‍ത്ത സംഭവത്തില്‍ 2017ല്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ലീതുല്‍ ഗൊഗോയി.

http://www.azhimukham.com/wp-admin/post.php?post=165795&action=edit

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 25, 2018 10:08 am