കാലിമേയ്ക്കാൻ പോയ യുവാവ് ജമ്മു കശ്മീരിൽ വെടിയേറ്റ് മരിച്ച നിലയിൽ. ജമ്മുവിലെ ബാധർവ താഴ്വരയില്‍ കന്നുകാലികളെ മേയ്കാൻ പോയ നയീം ഷാ എന്നയാളാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നിൽ ഗോ സംരക്ഷകരാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നയീം ഷായ്ക്ക് വെടിയേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. നയീം ഷായ്ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
യുവാവ് കൊല്ലപ്പെട്ടതിന് പിറകെ മേഖലയിൽ സംഘർഷവും ആരംഭിച്ചു. അനിഷ്ട സംഭവങ്ങളെ തുടർന്ന് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. കൊലപാതകത്തിന് പിറകെ പ്രതിഷേധവുമായെത്തിയ ബന്ധുക്കൾ അടക്കമുള്ളവർ ബാധർവയിലെ പോലീസ് സ്റ്റേഷന് സമീപം അക്രമം അഴിച്ച് വിട്ടതായാണ് റിപ്പോർട്ട്. അഞ്ചോളം വാഹനങ്ങൾ നശിപ്പിച്ച സംഘം ഒരു മുച്ചക്ര വാഹനത്തിന് തീവച്ചതായും എൻഡിടിവി വാർത്ത ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. റോഡുപരോധിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.
അതേസമയം, സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറയുന്നു. അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ പിടികൂടും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Leave a Comment