X

എ എന്‍ 32 വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു: സ്ഥിരീകരണവുമായി വ്യോമസേന

മൂന്ന് മലയാളികള്‍ വിമാനത്തിലുണ്ടായിരുന്നു.

അരുണാചല്‍പ്രദേശില്‍ തകര്‍ന്ന എന്‍ 32 ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ച് വ്യോമസേന. ക്രൂ അംഗങ്ങളടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് മലയാളികള്‍ വിമാനത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട് എന്ന് വ്യോമസേന വ്യക്തമാക്കി. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് കുമാര്‍, കൊല്ലം അഞ്ചല്‍ സ്വദേശിയായ സര്‍ജന്റ് അനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശിയായ കോര്‍പറല്‍ എന്‍കെ ഷരിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹാത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചൂക ാന്‍ഡിംഗ് സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ട വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മലനിരകളില്‍ 12,000 അടി ഉയരത്തില്‍ കണ്ടെത്തിയത്. എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ചൈന അതിര്‍ത്തിക്ക് സമീപമാണ് കാണാതായത്.

സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് കുമാര്‍, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എം ഗാര്‍ഗ്, വിംഗ് കമാന്‍ഡര്‍ ചാള്‍സ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് മൊഹന്തി, ഫ്‌ളൈറ്റ് ലെഫ്.തന്‍വാര്‍, ഫളൈറ്റ്.ലെഫ്.ഥാപ്പ, സെര്‍ജന്റെ അനൂപ്, കോര്‍പ്പറല്‍ ഷരിന്‍, വാറണ്ട് ഓഫീസര്‍ കെകെ മിശ്ര, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ പങ്കജ്, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ എസ്‌കെ സിംഗ്, നോണ്‍ കോംബാറ്റന്റുമാരായ രാജേഷ് കുമാര്‍, പുട്ടാലി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സൂളൂര്‍ വ്യോമസേന താവളത്തിലാണ് വിനോദ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്.

This post was last modified on June 13, 2019 2:09 pm