X

സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി ചികില്‍സയിലിരിക്കെയാണ് മരണം.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി ചികില്‍സയിലിരിക്കെയാണ് മരണം. കെഎസ്എഫ് ഡിസി ചെയർമാനായി പ്രവർ‌ത്തിച്ച് വരികയായിരുന്നു.

1981 ൽ പുറത്തിറങ്ങിയ വേനൽ ആണ് ആദ്യ ചിത്രം. ദൈവത്തിന്റെ വികൃതികൾ, മീനമാസത്തിലെ സൂര്യൻ, മഴ, കുലം വചനം, സ്വാതി തിരുനാൾ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇടത് പക്ഷ സഹയാത്രികനായ അദ്ദേഹം രണ്ട് തവണ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിട്ടുണ്ട്. തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായ അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ പഠന കാലത്തു തന്നെ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു.

ഈ ഇടത് ആഭിമുഖ്യം വ്യക്തമാക്കുന്ന ചിത്രമാണ് 1985 ല്‍ ഇറങ്ങിയ ‘മീനമാസത്തിലെ സൂര്യന്‍’. 1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’. കേരളത്തിലെ വര്‍ഗീയ ധ്രുവീകരണത്തെ പുറത്തിറങ്ങിയ ‘അന്യര്‍’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. പി.എ ബക്കറിന്റെ സഹസംവിധായകനായാണു ലെനിൽ രാജേന്ദ്രൻ സിനിമയിലെത്തുന്നത്.

ഡോ. രമണിയാണ് ഭാര്യ. പാര്‍വതി, ഗൗതമന്‍ എന്നിവര്‍ മക്കളാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലുള്ള മൃതദേഹം ചൊവ്വാഴ്ച രാവിലെ തന്നെ തിരുവന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.

 

This post was last modified on January 15, 2019 8:18 am