X

സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല: കന്യാസ്ത്രീകള്‍ യെച്ചൂരിക്ക് പരാതി നല്‍കി

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വരെ വിട്ടുവീഴ്ചയില്ലെന്നും കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമല്ലെന്ന് ചുണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്കാണ് പരാതി നല്‍കിയത്. അതേസമയം, ഫ്രോങ്കോ മുളയ്ക്കലിനെതിരെ സമരവുമായി രംഗത്തെത്തിയതിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടെന്ന മിഷണറീസ് ഓഫ് ജീസസിന്റെ ആരോപണം തള്ളി കന്യാസ്ത്രീകള്‍ രംഗത്തെത്തി. സമത്തിനിറങ്ങിയത് നീതിതേടിയാണ്, സ്വമനസ്സാലെയാണ് ഇതിനായി ഇറങ്ങിയിട്ടുള്ളതെന്നും കുറുവിലങ്ങാട് മഠത്തിലെ അന്തേവാസികളിലൊരാളായ സിസ്റ്റര്‍ അനുപമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വരെ വിട്ടുവീഴ്ചയില്ലെന്നും കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു ഇവരുടെ പ്രതികരണം. നാലാം ദിവസത്തിലേക്ക് കടന്ന സമരത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

This post was last modified on September 11, 2018 11:27 am