X

ഐന്‍സ്റ്റീന്റെ ‘ഗുരുത്വാകര്‍ഷണ’ കണ്ടുപിടിത്തം – തന്റെ പ്രസ്താവന ‘സാഹചര്യത്തില്‍’ നിന്ന് അടര്‍ത്തിമാറ്റിയെന്ന് പിയൂഷ് ഗോയല്‍

"ഈ കണക്കുകളൊന്നും ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ ഐന്‍സ്റ്റീനെ സഹായിച്ചിട്ടില്ല" എന്നാണ് ഞാന്‍ പറഞ്ഞത്.

ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ് എന്ന അബദ്ധ പ്രസ്താവനയില്‍ വിശദീകരണവുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഒരു പ്രത്യേക സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞത് എന്നും തന്റെ പ്രസ്താവനയെ ചില സുഹൃത്തുക്കള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി തെറ്റായി അവതരിപ്പിക്കുകയായിരുന്നു എന്നുമാണ് പിയൂഷ് ഗോയല്‍ എഎന്‍ഐയോട് പറഞ്ഞത്.

അടുത്ത അഞ്ച് വര്‍ഷത്തിനകം ഒരു ട്രില്യണ്‍ ഡോളറിന്റെ കയറ്റുമതിയെന്ന ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യന്‍ വ്യാപാര രംഗത്തെ വളര്‍ത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എല്ലാ കാര്യങ്ങളും കണക്കിന്റേയും കണക്കുകൂട്ടലുകളുടേയും അടിസ്ഥാനത്തില്‍ കാണരുത് എന്നാണ് ഞാന്‍ പറഞ്ഞത്. “ഈ കണക്കുകളൊന്നും ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ ഐന്‍സ്റ്റീനെ സഹായിച്ചിട്ടില്ല” എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് വാചകം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് പിയൂഷ് ഗോയൽ ഇക്കാര്യം പറഞ്ഞത്. ടെലിവിഷനിൽ കാണുന്ന ‘5 ട്രില്യൺ സാമ്പത്തിക വ്യവസ്ഥ’, ‘ജിടിപി വളർച്ച 5%’ എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് പോകരുതെന്നും കണക്കു കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടു പിടിക്കില്ലായിരുന്നെന്നും പീയൂഷ് ഗോയൽ പറഞ്ഞു. ഐസക് ന്യൂട്ടണ്‍ ആണ് ഗുരുത്വാകര്‍ഷണം സംബന്ധിച്ച കണ്ടുപിടിത്തം നടത്തിയത് എന്നിരിക്കെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം ഇങ്ങനെ പറഞ്ഞത്.

This post was last modified on September 12, 2019 8:52 pm