X

മോഹനന്‍ വൈദ്യര്‍ക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്, കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ

കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

സമാന്തര ചികിത്സാ പ്രചാരണത്തിലൂടെയും മുഖ്യധാരാ ചികിത്സാരീതികളുടെ നിഷേധത്തിലൂടെയും നിരന്തരം വിവാദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ പൊലീസ് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മോഹനന്‍ വൈദ്യര്‍ ചികിത്സിച്ച ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ പരാതി.

ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരും മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പൊലീസ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on August 28, 2019 10:27 pm