X

ഗൗരിയമ്മയുടെ ആരോഗ്യവിവരം തിരക്കി ആരോഗ്യമന്ത്രിയെത്തി

ഇക്കഴിഞ്ഞ ജൂലൈയിലാണ് ഗൗരിയമ്മയ്ക്ക് നൂറ് വയസ്സ് തികഞ്ഞത്.

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യവിവരം തിരക്കി ആരോഗ്യമന്ത്രിയെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മയെ സന്ദര്‍ശിക്കാനാണ് മന്ത്രി ഷൈലജ ടീച്ചര്‍ എത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഗൗരിയമ്മ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ഗൗരിയമ്മയ്ക്ക് നൂറ് വയസ്സ് തികഞ്ഞത്. 1919 ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി ഗ്രാമത്തില്‍ ജനിച്ച ഗൗരിയമ്മ എറണാകുളം മഹാരാജസ് കോളേജില്‍ നിന്നും ബിഎ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മൂത്ത സഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി.

1957 ഏപ്രില്‍ അഞ്ചിന് കേരളത്തിലെ ആദ്യ റവന്യൂ മന്ത്രിയായി ചുമതലയേറ്റ ഗൗരിയമ്മയ്ക്ക് എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതയുമുണ്ടായിരുന്നു. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, 1957ലെ ഭൂപരിഷ്‌കരണ ബില്‍, സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുക്കല്‍ നിയമം(1958) എന്നിവ അവതരിപ്പിച്ച് പാസാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. ഗൗരിയമ്മ റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് കാര്‍ഷിക ബന്ധ ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

1957ല്‍ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി വി തോമസിനെ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം വിവാഹം കഴിച്ചെങ്കിലും 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും ഇരുചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പമാണ് നിലകൊണ്ടത്. ഇതോടെ ഇവര്‍ പിരിഞ്ഞ് ജീവിക്കാനും ആരംഭിച്ചു. 1994ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) രൂപീകരിച്ചു.

ആലപ്പുഴ ജില്ലാ വികസന സമിതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഗൗരിയമ്മയുടെ പുറത്താക്കല്‍ നടപടിയിലേക്ക് നയിച്ചത്. എം വി രാഘവനും കെ കരുണാകരനും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ കെണിയായിരുന്നു ഇതെന്നാണ് പാര്‍ട്ടി നിരീക്ഷണം. ഈ കെണിയില്‍ ഗൗരിയമ്മ വീണു എന്നതായിരുന്നു പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ പ്രമേയം.

also read:ജോസ് ടോം പുലിക്കുന്നേല്‍ എന്ന ആക്സിഡന്റൽ കാൻഡിഡേറ്റ്, അര നൂറ്റാണ്ട് കാലത്തെ പാലായുടെ ചരിത്രം മാറുമ്പോള്‍

This post was last modified on September 2, 2019 4:23 pm