X

കിടപ്പ് രോഗികളെ 100 മണിക്കൂര്‍ പരിചരിക്കണം; പ്രീത ഷാജിക്ക് കോടതിയലക്ഷ്യക്കേസിൽ ശിക്ഷ

വിധി പരസ്യമായി ലംഘിച്ചത് അംഗീകരിയ്ക്കാനാവില്ലെന്നായിരുന്നു കോടതി നിലപാട്.

ബാങ്ക് ജപ്തി ചെയ്ത് സ്ഥലം തിരിച്ചുപിടിച്ച കൊച്ചി സ്വദേശി പ്രീത ഷാജി കോടതിയലക്ഷ്യക്കേസില്‍ തെറ്റുകാരിയെന്ന് കണ്ടെത്തിയതിന് പിറകെ നൂറുമണിക്കൂര്‍ നിർബന്ധിത സാമൂഹ്യ സേവനം ശിക്ഷ വിധിച്ച് ഹൈക്കോടതി. അഭിഭാഷക കമ്മിഷനെ തടഞ്ഞ കേസിലാണ് പ്രീതയും ഭര്‍ത്താവിനെയും ശിക്ഷിച്ചത്. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കണമെന്നാണ് നിർദേശം.

ഹൈക്കോടതി വിധി ലംഘിച്ചതിന് ശിക്ഷയായി പ്രീത ഷാജിയും ഭര്‍ത്താവും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്കു കീഴിലുള്ള കിടപ്പ് രോഗികളെ 100 മണിക്കൂര്‍ പരിചരിക്കണം. ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്. പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വീടു തിരിച്ചു പിടിയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് തങ്ങള്‍ അത്തരമൊരു നടപടിക്ക് മുതിർന്നത്. സംഭവത്തില്‍ ക്ഷമാപണം സ്വീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണമെന്നായിരുന്നു പ്രീത ഷാജി കോടതിയെ അറിയിച്ചത്. എന്നാൽ വിധി പരസ്യമായി ലംഘിച്ചത് അംഗീകരിയ്ക്കാനാവില്ലെന്നായിരുന്നു കോടതി നിലപാട്.

നേരത്തെ, പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന കോടതിയുത്തരവിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തേവര വൃദ്ധസദനത്തിലെ അന്തേവാസികളുടെ പരിപാലനം, കാക്കനാട് ചില്‍ഡ്രന്‍ ഹോമിലെ കുട്ടികളുടെ പരിചരണം, എറണാകുളം ജനറല്‍ ആശുപത്രിയിലെ കിടപ്പ് രോഗികളുടെ പരിചരണം എന്നിവ ഏല്‍പ്പിക്കാമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിറകെയായിരുന്നു നടപടി.

പ്രീതയുടെ പ്രവര്‍ത്തികള്‍ സമൂഹത്തിനു നല്ല സന്ദേശമല്ല നല്‍കുന്നത് എന്ന് വിലയിരുത്തിയ കോടതി നിയമലംഘനം അംഗീകരിക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാണിച്ചു. കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യം ഇല്ല. പ്രതിഷേധിക്കാന്‍ അവകാശമുണ്ട് പക്ഷെ നിയമലംഘനം അംഗീകരിക്കാന്‍ ആകില്ല. നിയമവിരുദ്ധത ഭാവിയില്‍ തെളിയിക്കാം എന്നു കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു.

 

 

This post was last modified on March 19, 2019 3:22 pm