ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതിനു ശേഷം കാണതായ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടിരിക്കാമെന്ന് തുര്‍ക്കി. അദ്ദേഹത്തിന്റെ ശരീരം കോണ്‍സുലേറ്റില്‍ നിന്നും നീക്കം ചെയ്തതായി സംശയിക്കുന്നതായും തുര്‍ക്കി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കൊലപാതകം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് കരുതുന്നത്. സൗദി ഭരണകൂടത്തിന്റെ വലിയ വിമര്‍ശകരിലൊരാളായ ജമാല്‍ ഖഷോഗ്ഗി കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി റിയാദില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നതെന്നും ഉദ്യേഗസ്ഥര്‍ അറിയിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാധ്യമപ്രവര്‍ത്തകനെ കാണാതായി നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് തുര്‍ക്കിയുടെ പ്രതികരണം പുറത്തുവരുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനുള്ള തെളിവുകളും തുര്‍ക്കി ഞായറാഴ്ച പുറത്തു വിട്ടേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകന്‍ പീഡിപ്പിക്കപ്പെട്ടിരിക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് ഒരു വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ ജമാല്‍ കോണ്‍സുലേറ്റിലേക്ക് പോയത്. ഉച്ചയോടെ അകത്തേക്ക് പോയ ജമാല്‍ പിന്നീട് തിരിച്ചു വരികയുണ്ടായില്ല. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നില്‍പ്പുണ്ടായിരുന്നു. അര്‍ധരാത്രിയോളം ഇവര്‍ കാത്തു നിന്നിട്ടും ജമാല്‍ തിരിച്ചെത്തിയില്ല.
തനിക്ക് സുരക്ഷാ ആശങ്കകളുള്ളതായി ജമാല്‍ പറഞ്ഞിരുന്നതായി വിവരമുണ്ട്. തുര്‍ക്കി പറയുന്നതു പ്രകാരം ജമാല്‍ കോണ്‍സുലേറ്റിനുള്ളില്‍ തന്നെയുണ്ട്. എന്നാല്‍ സൗദി ഉദ്യോഗസ്ഥര്‍ പറയുന്നത് ജമാല്‍ കോണ്‍സുലേറ്റ് വളപ്പ് വിട്ടു പോയെന്നാണ്. തുര്‍ക്കിക്ക് കോണ്‍സുലേറ്റില്‍ പരിശോേധന നടത്താമെന്ന് സൗദി അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. അറബ് ലോകത്തു പ്രമുഖരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ജമാല്‍ ഖഷോഗ്ഗി.
രാജ്യത്തിന്റെ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനെ ധിക്കരിച്ച് നിലപാടെടുത്തിട്ടുള്ള ജമാലിനെ സൗദി നോട്ടമിട്ടിരുന്നുവെന്നാണ് സൂചന. അതേസമയം, വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ ജമാലിന്റെ തിരോധാനത്തില്‍ കടുത്ത പ്രതിഷേധമാണ് മാധ്യമം അറിയിച്ചത്. പിന്റ്-ഓണ്‍ലൈന്‍ എഡിഷനുകളില്‍ കോളം ഒഴിച്ചിട്ടാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രതിഷേധം.
This post was last modified on October 7, 2018 8:17 am
Leave a Comment