മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ഷുജാത് ബുഖാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആക്രമികളെന്ന് സംശയിക്കുന്നവരുടെ സിസിടിസി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കില്‍ മുഖം മറച്ച നിലയില്‍ സഞ്ചരിക്കുന്ന മുന്നു പേരുടെ ചിത്രങ്ങളാണ് കശ്മീര്‍ പോലിസ് പുറത്തുവിട്ടത്. പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ഇവരുടെ കൈവശമുള്ള സഞ്ചിയില്‍ മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സംശയിക്കുന്നതായും പോലിസ് പ്രതികരിച്ചു. ബൈക്ക് ഓടിക്കുന്ന വ്യക്തി ഹെല്‍മറ്റും, മറ്റ് രണ്ട് പേര് തുണികൊണ്ടുമാണ് മുഖം മറച്ചിട്ടുള്ളത്. അക്രമികളെ കണ്ടെത്താന്‍ പൊതു ജനങ്ങള്‍ സഹായിക്കണമെന്നും ചിത്രം പുറത്തുവിട്ടുകൊണ്ട് കശ്മീര്‍ മേഖലാ പോലിസ് അഭ്യര്‍ത്ഥിച്ചു.
ഇന്നലെ രാത്രി 7.30 ഓടെയാണ് ശ്രീനഗര്‍ പട്ടണത്തിലെ പ്രസ്സ് കോളനിയിലെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുറത്തിറങ്ങിയ ഷുജാത് ബുഖാരിക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമികള്‍ അദ്ദേഹത്തെ കാത്തു നിന്ന് വെടിവയ്ക്കുകയായിരുന്നെന്നും പോലിസ് പ്രതികരിച്ചു.
തൊട്ടടുത്തു നിന്നായിരുന്നു ബുഖാരിക്ക് നേരെ വെടിവയ്പ്പുണ്ടായത്. തലയ്ക്കും അടിവയറിനുമാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. 2000ത്തില്‍ ഇദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണ് കശ്മീരില്‍ മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ക്കു നേരെ ആക്രമണമുണ്ടാകുന്നത്.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 15, 2018 8:46 am