X

കൊടും ചൂട് തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 46 പേർക്ക് പൊള്ളലേറ്റു, രണ്ട് പേര്‍ക്ക് സൂര്യാഘാതം

തുടർച്ചയായ മൂന്നാം ദിവസവും പാലക്കാട്ട് ചൂട് 41 ഡിഗ്രി സെൽഷ്യസിലെത്തി. 

സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിൽ ഇന്ന് 46 പേർക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. കൊല്ലത്ത് 19പേ‍ർക്കും പാലക്കാട് 7പേര്‍ക്കും കണ്ണൂരിൽ മൂന്നുപേര്‍ക്കും കായംകുളം , പുനലൂര്‍ , കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും സൂര്യാതപമേറ്റതായാണ് റിപ്പോർട്ട്. അതേസമയം , രണ്ട് പേർക്ക് സൂര്യാഘാതം ഏറ്റതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സ്ഥാനത്ത് ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതിനിടെ താപനില വർധിക്കുന്നിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും വർധിച്ചതായാണ് റിപ്പോർട്ട്. അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത്. പകര്‍ച്ചവ്യാധികൾ പടരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. പകർച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയാനും മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, മുന്‍പെങ്ങുമില്ലാത്ത വിധം സംസ്ഥാനത്ത് താപനില ഉയരുകയാണ്.  തുടർച്ചയായ മൂന്നാം ദിവസവും പാലക്കാട്ട് ചൂട് 41 ഡിഗ്രി സെൽഷ്യസിലെത്തി.   ഇന്ന് മുണ്ടൂർ ഐആ‍ർടിസിയിലാണ്  41 ഡിഗ്രി സെൽഷ്യസ്  രേഖപ്പെടുത്തിയ ചൂട് രേഖപ്പെടുത്തിയത്.  ഇതിന് മുമ്പ് 2015ലാണ് ആദ്യമായി പാലക്കാട് അന്തരീക്ഷ താപനില 41 ഡിഗ്രി രേഖപ്പെടുത്തിയത്.   കഴിഞ്ഞ രണ്ട് ദിവസങ്ങളുൾപ്പെടെ നാല് തവണയണ് ഈ മാസം ചൂട് 41 ഡിഗ്രിയിലെത്തിയത്.

ബാഷ്പീകരണ തോത് കൂടിയതുൾപ്പെടെയുളള കാലാവസ്ഥ വ്യതിയാനങ്ങളാണ് ചൂട് കൂടാൻ കാരണമായി മുണ്ടൂർ ഐആർടിസി ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ പട്ടാമ്പി, ഓങ്ങല്ലൂർ, കഞ്ചിക്കോട് മേഖലകളിലാണ് സൂര്യാഘാതമേറ്റവരിലേറെയുമെന്നും റിപ്പോർട്ടുകൾ  പറയുന്നു.

This post was last modified on March 28, 2019 6:19 am