X

പ്രധാനമന്ത്രിയുടെ ‘മിഷൻ ശക്തി പ്രഭാഷണം’: അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ

മോദിയുടെ പ്രഭാഷണം തയ്യാറാക്കിയതിൽ പ്രതിരോധമന്ത്രാലയത്തിന്റെ അറിവുണ്ടോയെന്ന കാര്യവും പരിശോധിക്കും.

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷണം നടത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം തെരഞ്ഞെടുപ്പു കമ്മീഷനെ പ്രശ്നത്തിലാക്കുന്നു. നേരത്തെ ചില റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്, മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ്. രാജ്യത്തിന്റെ സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്താൻ സർക്കാരിന് ഏതു സന്ദർഭത്തിലും അധികാരമുണ്ട് എന്ന ന്യായം മുന്നോട്ടുവെച്ച് മോദിയുടെ പ്രഖ്യാപനത്തെ ഇലക്ഷൻ കമ്മീഷൻ വൃത്തങ്ങൾ ന്യായീകരിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം മനോദിയുടെ പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ആഭ്യന്തര ചര്‍ച്ചകൾ നടത്തി വരികയാണെന്നാണ്. കമ്മീഷന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ പ്രശ്നം വളർന്ന സാഹചര്യത്തിലാണിത്.

പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനും എഴുതി നൽകാനും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കാനും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇത്തരമൊരു പ്രഖ്യാപനത്തിന്റെ അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടാനും കമ്മീഷന് പരിപാടിയുണ്ട്.

സമാജ് വാദി പാർട്ടിയും സിപിഎമ്മും അടക്കമുള്ള കക്ഷികൾ തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കമ്മീഷന് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. കമ്മീഷൻ ഇത്തരത്തിലൊരു പ്രത്യേക അനുമതി മോദിക്ക് നൽകിയത് എന്തിനാണെന്ന് അറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ടെന്ന് കത്തിൽ യെച്ചൂരി പറയുകയുണ്ടായി.

മോദിയുടെ പ്രഭാഷണം തയ്യാറാക്കിയതിൽ പ്രതിരോധമന്ത്രാലയത്തിന്റെ അറിവുണ്ടോയെന്ന കാര്യവും പരിശോധിക്കും. രാജ്യരക്ഷയുമായി എത്രത്തോളം ബന്ധപ്പെട്ടതാണ് ഈ പ്രസംഗമെന്നത് വിശകലനം ചെയ്യുകയാണ് ലക്ഷ്യം.

ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം ചേർത്ത് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്ക് അനുമതി നൽകിയതിന്റെ പ്രത്യേക കാരണമെന്തെന്ന് രാജ്യത്തിന് ആഗ്രഹമുണ്ടെന്നായിരുന്നു യെച്ചൂരിയുടെ കത്തിലെ വാക്കുകൾ. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ രാഷ്ട്രീയച്ചുവയുണ്ടെന്ന് ആരോപിക്കുകയുണ്ടായി. തൊഴിലില്ലായ്മ, ഗ്രാമീണമേഖലയിലെ പ്രതിസന്ധികൾ, സ്ത്രീസുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാൻ ആകാശത്തേക്ക് വിരൽ ചൂണ്ടുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.