X

എറണാകുളത്ത് അമ്മയുടെ മർദനത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മുന്നുവയസ്സുകാരൻ മരിച്ചു

ബുധാനാഴ്ച രാത്രിയാണ് ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മുന്നുവയസ്സുകാരനായ ആണ്‍ കുട്ടിയെ ഗുരുതര പരിക്കുകളുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായി ചികിൽസയില്‍ കഴി‍ഞ്ഞിരുന്ന ഇതര സംസ്ഥാനകാരനായ മുന്നുവയസ്സുകാരൻ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്റെ ആരോഗ്യ നില ശസ്ത്രക്രിയയ്ക്ക് ശേഷവും അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇതിനിടെയാണ് മരണം. വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു. കുട്ടിയെ മർ‌ദിച്ച സംഭവത്തിൽ അമ്മക്കെതിരെ വധശ്രമകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം. രാവിലെയോടെ മസ്തിഷ്ത്തിന്റെ പ്രവര്‍ത്തനം പൂർണമായും നിലയ്ക്കുകയായിരുന്നു. ഇതോടെ രാവിലെ 9.05 ഓടെകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ബുധാനാഴ്ച രാത്രിയാണ് ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മുന്നുവയസ്സുകാരനായ ആണ്‍ കുട്ടിയെ ഗുരുതര പരിക്കുകളുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് മര്‍ദനത്തെ തുടര്‍ന്നുണ്ടായതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ മര്‍ദ്ദിച്ചതായി പോലീസിനോട് അമ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിറകെയായിരുന്നു അറസ്റ്റ്. അനുസരണക്കേട് കാട്ടിയതിന് കട്ടിയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ തല്ലിയതായാണ് വെളിപ്പെടുത്തൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിറകെ മുതൽ തന്നെ മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മർദനത്തിൽ കട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാൽ നിലവിൽ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് പുലർച്ചയോടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.

ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രത്യേക നിർദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം കുഞ്ഞിനെ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലെ ചികിത്സ തുടരണമെന്നായിരുന്നു മെഡിക്കല്‍ സംഘം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ടെറസിൽ നിന്നും വീണ് പരിക്കേറ്റെന്നായിരുന്നു ഇവർ അറിയിച്ചത്. മാതാപിതാക്കളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ അച്ഛന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പോലീസ് ബംഗാള്‍ പോലീസിനുമായി ബന്ധപ്പെട്ടിട്ടുണ്ട്.

 

 

This post was last modified on April 19, 2019 12:26 pm