X

പുതിയ മുത്തലാഖ് ബില്‍ കൊണ്ടുവരുന്നത് കേന്ദ്ര മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും

രാജ്യസഭയില്‍ സര്‍ക്കാരിന് ഇപ്പോളും ഭൂരിപക്ഷമില്ലാത്തത് മുത്തലാഖ് ബില്‍ പാസാക്കുന്നതിന് തടസമാണ്.

പുതിയ മുത്തലാഖ് ബില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാതിരിക്കുകയും വലിയ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടുകയും ചെയ്തിരുന്നു. രാജ്യസഭയില്‍ സര്‍ക്കാരിന് ഇപ്പോളും ഭൂരിപക്ഷമില്ലാത്തത് മുത്തലാഖ് ബില്‍ പാസാക്കുന്നതിന് തടസമാണ്.

ഫെബ്രുവരി 19ന്റെ ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒന്നാം മോദി സര്‍ക്കാര്‍ മൂന്ന് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ കാരണം പാസാക്കാനായില്ല. ഏകപക്ഷീയമായി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്ന മുത്തലാഖ് ബില്‍ വലിയ വിവാദമാവുകയും ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്യുന്നു.

ALSO READ: കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം; “പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ട ആത്മഹത്യ”

2018 ഡിസംബറില്‍ മുത്തലാഖ് ബില്‍ അഥവാ ദ മുസ്ലീം വിമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. നാല് മണിക്കൂര്‍ ചര്‍ച്ചയാണ് സഭയില്‍ നടന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് അടക്കമുള്ള ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരിന് ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ബില്‍ ലാപ്‌സാവുകയും ചെയ്തു. രണ്ടാം മോദി സര്‍ക്കാര്‍ 17ാം ലോക്‌സഭയുടെ ആദ്യ സെഷനില്‍ കൊണ്ടുവരുന്ന ആദ്യ ബില്ലുകളിലൊന്ന് മുത്തലാഖ് ആയിരിക്കാം.

ജൂണ്‍ 17നാണ് ലോക്‌സഭ സമ്മേളനം തുടങ്ങുന്നതത്. 17നും 18നുമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ എംപിമാരായി സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിക്കും. ജൂണ്‍ 19ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലായ് അഞ്ചിന് ബജറ്റ് അവതരിപ്പിക്കും. ജൂലായ് 26ന് 17ാം ലോക്‌സഭയുടെ ആദ്യ സെഷന്‍ അവസാനിക്കും.

This post was last modified on June 12, 2019 7:24 am