X

വായ്പാ തട്ടിപ്പ്: ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസെടുത്തു; വീഡോയോകോൺ ഓഫീസിൽ പരിശോധന

വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായംചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വീഡിയോകോൺ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഐസിഐസിഐ വായ്പാ ഇടപാട് കേസിൽ നടപടികൾ കടുപ്പിച്ച് സിബിഐ. കേസിൽ ഐസിഐസിഐ ബാങ്ക് മുൻമേധാവി ചന്ദകൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോ കോൺ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂത് എന്നിവർക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷമായിരുന്നു നടപടി. മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങിളെ വീഡിയോകോൺ ഓഫീസുകളിലും മുംബൈ നരിമാൻ പോയിന്റിലുള്ള കൊച്ചാറിന്റെ ന്യൂപവർ റിനീവബിൾ ഓഫീസിലുമായിരുന്നു പരിശോധന.

3250കോടി രൂപയുടെ വായ്പയാണ്, കോച്ചർ മേധാവിയായി ഇരിക്കേ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ചത്. ഇടപാടിൽ വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായംചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വീഡിയോ കോൺ ഗ്രൂപ്പിന് 3250 കോടി രുപ ഐസിഐസിഐ വായ്പ ലഭിച്ചതിന് പിറകെ ദീപക് കൊച്ചാറിനായി ഒരുക്കി നൽകിയെന്നാണ് കേസ്. 2012 ലായിരുന്നു ഇടപാട്. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും 40,000 കോടിയുടെ വായ്പ കരസ്ഥമാക്കുന്നതിന്റെ ഭാഗമായിരുന്നു ഐസിഐസി ഐയിൽ നിന്നും 3250 കോടിയുടെ വായ്പ വീഡിയോകോൺ സ്വന്തമാക്കിയത്.

വായ്പാ ഇടപാടിൽ ചന്ദകൊച്ചാറിനെ ഇടപെടൽ ആരോപിച്ച് വിവാദം ഉയർന്നതോടെ കാലാവധി പൂർത്തിയാക്കാതെ കഴിഞ്ഞ ഒക്ടോബറിൽ അവർ ബാങ്ക് മേധാവി സ്ഥാനം ഒഴിഞ്ഞിരുന്നു. ചന്ദകൊച്ചാറിന്റെ ഭർതൃസഹോദരനായ രാജീവ്‌ കോച്ചറിനെ കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.

ചന്ദ കൊച്ചാറിന്റെ വീടും വീഡിയോകോണും തമ്മിലെന്ത്? ഇന്‍കം ടാക്‌സ് അന്വേഷണം മുറുകുന്നു

This post was last modified on January 24, 2019 3:44 pm