തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ ആരംഭിച്ച ഡി സി പുസ്തകമേള സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ പ്രചരണങ്ങള്‍ എന്ന് ഡി സി ബുക്‌സ്. ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇതിനെ തുടര്‍ന്ന് പല വ്യാജവാര്‍ത്തകളും എത്തിയതിന് പിന്നാലെയാണ് ഡി സി ബുക്‌സ് പ്രതികരണവുമായി എത്തിയത്.
“ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ സർഗാത്മക രചനകളും പുസ്തകമേളയിൽ വായനക്കാർക്ക് ലഭ്യമാണ്. ചില പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്നുള്ളത് വ്യാജ പ്രചരണം മാത്രമാണ്. എല്ലാ ആശയ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന പുസ്തകമേളയാണ് ഡി സി ബുക്സ് പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാത്തരം പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില തല്പരകക്ഷികൾ പുസ്തകമേളയ്ക്ക് ആദ്യം മുതൽ തന്നെ തടസം സൃഷ്ടിച്ചതിനാൽ മുഴുവൻ പുസ്തകങ്ങളും എത്തിക്കാൻ പ്രയാസം നേരിട്ടിരുന്നു. അച്ചടിയിലുള്ള എല്ലാ പുസ്തകങ്ങളും വരും ദിനങ്ങളിൽ മേളയിൽ ലഭ്യമായിയിരിക്കും. കോടതി താത്കാലികമായി വിൽപന തടഞ്ഞ (വിവാദ ) പുസ്തകങ്ങൾ മാത്രമാണ് പുസ്തകമേളയിൽ ലഭ്യമല്ലാത്തത്. ഡി സി ബുക്സിന്റെ മറ്റൊരു ശാഖയിലും ഈ പുസ്തകങ്ങൾ ലഭ്യമല്ല. അതിനാൽത്തന്നെ യാതൊരു പുസ്തകത്തിനും മേളയിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. സ്വതന്ത്രചിന്തയ്ക്കും ആവിഷ്കാരത്തിനും വേണ്ടിയാണ് ഡി സി ബുക്സ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. അത് തുടരാൻ ഡി സി ബുക്സ് പ്രതിജ്ഞാബദ്ധവുമാണ്.” ഡി സി ബുക്സ് പത്ര കുറിപ്പിലൂടെ അറിയിച്ചു.
ഡിസിബുക്കിസിന്റെ പുസ്തകവുമായി എത്തിയ വണ്ടി ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ ‘ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മേള നടത്താന്‍ സമ്മതിക്കാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. തങ്ങള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ഡിസി പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു.
Leave a Comment