X

മധുവിനെ കൊല്ലുന്നതിന് ഒത്താശ ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിച്ചു

ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവില്ലെന്നാണ് വനംവകുപ്പ് ഇപ്പോൾ അവകാശപ്പെടുന്നത്.

അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചു കൊന്ന സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ബന്ധുക്കൾ. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിടികൂടാൻ ആൾക്കൂട്ടം വനത്തിലേക്ക് പോയത് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണെന്നും അവരുടെ അനുമതിയില്ലാതെ വനത്തിൽ കയറാൻ ആർക്കും സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രശ്നത്തിന്റെ ചൂടാറിയപ്പോൾ ഈ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നാണ് അട്ടപ്പാടി ആക്ഷൻ കൗൺസിലും ആരോപിക്കുന്നത്.

നേരത്തെ തന്നെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഏപ്രിൽ മാസത്തിൽ അഗളി ഡിവൈ.എസ്.പി. ടി.കെ. സുബ്രഹ്മണ്യനെ സ്ഥലംമാറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണമുയർന്നിരുന്നു. കൃത്യസമയത്ത് കുറ്റപത്രം നല്‍കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് സഹായകരമായ നടപടിയാണ് പോലീസ് നടത്തുന്നതെന്നും ആരോപണമുണ്ടായി. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് പിടികൂടിയത്. കൂടാതെ എണ്‍പതോളംപേരെ ചോദ്യം ചെയ്യുകയുമുണ്ടായി.

‌ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവില്ലെന്നാണ് വനംവകുപ്പ് ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് ആക്ഷൻ കൗൺസിൽ. വനംവകുപ്പിന്റെ അനുമതിയില്ലാതെ കാട്ടിലേക്ക് കിലോമീറ്ററുകളോളം കയറിപ്പാകാൻ ഇവർക്ക് കഴിയില്ലെന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്. മർദ്ദിക്കുന്നതും മറ്റും ഉദ്യോഗസ്ഥർ കണ്ടിരുന്നു. മുക്കാലിയിലെ വനം വകുപ്പിന്‍റെ ചെക്പോസ്റ്റ് കടന്നാണ് ആൾക്കൂട്ടം മധുവിനെ പുറത്തേക്ക് കൊണ്ടു വന്ന് കെട്ടിയിട്ട് തല്ലിയത്. ഇതെല്ലാം ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു.

മധുവിന്റെ കൊലപാതകത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ദേശീയ പട്ടികവർഗ കമ്മീഷൻ പറഞ്ഞിരുന്നു. വനത്തിൽ വെച്ച് പിടികൂടിയപ്പോൾ ജീവനക്കാർ നോക്കി നിന്നത് ദൗർഭാഗ്യകരമാണന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായി ,പൊലീസിന് നിർദ്ദേശം നൽകുകയുണ്ടായി.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കിയ സംഭവം

ഫീസ് നൽകാനില്ലെന്ന കാരണം പറഞ്ഞ് മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഒഴിവാക്കിയെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വാർത്തയും പുറത്തുവരുന്നത്. മധുവിന്റെ കേസിൽ സർക്കാരിനു വേണ്ടി മണ്ണാർക്കാട് എസ്‌സി/എസ്ടി സ്പെഷൽ കോടതിയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാകും ഹാജരാകുക എന്നാണറിയുന്നത്. ഇദ്ദേഹം സർക്കാരിന്റെ മറ്റ് നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നയാളായതിനാൽ മധുവിന്റെ കേസിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിന് പരിമിതികളുണ്ടാകും.

സുപ്രീം കോടതിയില്‍ നിന്നും വക്കീലന്മാരെ കൊണ്ടുവരുന്നത് കോടികള്‍ ചിലഴിച്ച്; അട്ടപ്പാടി മധു കേസില്‍ വക്കീലിന് നല്‍കാന്‍ പണമില്ല

‘മോഷ്ടാക്കളെ’ തല്ലിക്കൊല്ലുന്ന മലയാളിയുടെ വംശവെറി

ശരീരത്തിന്റെ നിറം കൊണ്ടാണ് ഈ ഗവ. നഴ്‌സിനെ ആള്‍ക്കൂട്ടം ആക്രമിച്ചതെങ്കില്‍ ഈ കേരളത്തെ ഭയക്കണം