X

ശബരിമല നട ഇന്ന് തുറക്കും; 3 എസ്പിമാരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ; നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

3 എസ്പിമാരും, 6 ഡിവൈഎസ്പിമാരും, 12 സിഐമാരും ഡ്യൂട്ടിയിലുണ്ട്. 1375 പോാലീസുകാരെയും വിന്യസിച്ചു.

കുംഭമാസ പൂജയ്ക്കായി ഇന്ന് വൈകിട്ട് 5 ന് ശബരിമല നട തുറക്കും. 3 എസ്പിമാരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാനാണ് തീരുമാനം. സന്നിധാനവും പമ്പയും നിലയ്ക്കലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.

അതേസമയം സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സന്നിധാനത്ത് വി അജിത്തിനും ,പമ്പയില്‍ എച്ച് മഞ്ജുനാഥിനും നിലയ്ക്കലില്‍ പി കെ മധുവിനുമാണ് സുരക്ഷാ മേല്‍നോട്ട ചുമതല. 6 ഡിവൈഎസ്പിമാരും 12 സിഐമാരും ഡ്യൂട്ടിയിലുണ്ട്. 1375 പോാലീസുകാരെയും വിന്യസിച്ചു.

നാളെ പുലര്‍ച്ചെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെയാണ് സഭരിമലയിലെ പൂജകള്‍ ആരംഭിക്കുക. ഫെബ്രുവരി 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ ഉണ്ട്. 17-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.