X

തോമസ് ചാണ്ടിക്കും പിവി അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് പിണറായിക്ക് വിഎസിന്റെ കത്ത്

ആരോപണങ്ങളില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്

ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും എംഎല്‍എ പിവി അന്‍വറിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. ഈ വിഷയങ്ങളില്‍ പ്രതിപക്ഷം ആരോപണങ്ങള്‍ ശക്തമാക്കിയിരിക്കുന്നതിനിടെയാണ് വിഎസിന്റെ കത്തും സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

ആരോപണങ്ങളില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചു എന്നാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം. മന്ത്രിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടായ ലേക്ക് പാലസിന് വേണ്ടി കായല്‍ കയ്യേറിയെന്നാണ് ആരോപണം. നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വര്‍ കോഴിക്കോട് കക്കടുംപോയില്‍ നിയമവിരുദ്ധമായി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചുവെന്നാണ് ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മന്ത്രിയെയും എംഎല്‍എയും പ്രതിരോധിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ സാഹചര്യത്തില്‍ വിഎസിന്റെ കത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. അതേസമയം അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരായ ഭൂമി കയ്യേറ്റം തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയം നോക്കാതെ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും വ്യക്തമായ റിപ്പോര്‍ട്ട് ആലപ്പുഴ, കോഴിക്കോട് കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.

This post was last modified on August 20, 2017 3:49 pm