X

അഭിനന്ദന്‍ വര്‍ത്തമാന്‍ ഫൈറ്റര്‍ പൈലറ്റായി ഉടന്‍ മടങ്ങിയെത്തിയേക്കും

നിരവധി ടെസ്റ്റുകള്‍ക്ക് വരും ആഴ്ചകളില്‍ അഭിനന്ദന്‍ വിധേയനാകും.

പാകിസ്താന്‍ സൈന്യത്തിനന്റെ പിടിയിലകപ്പെടുകയും രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്ത ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഉടന്‍ ഫൈറ്റര്‍ പൈലറ്റായി തിരിച്ചെത്തിയേക്കും. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ ആണ് അഭിനന്ദന് ഫൈനല്‍ ക്ലിയറന്‍സ് നല്‍കുക.

നിരവധി ടെസ്റ്റുകള്‍ക്ക് വരും ആഴ്ചകളില്‍ അഭിനന്ദന്‍ വിധേയനാകും. സുഷുമ്‌നയ്ക്കും വാരിയെല്ലിനും പരിക്കുണ്ടോ എന്ന് പരിശോധിക്കും. ഇത്തരത്തിലുള്ള ഇജക്ഷന്‍ കേസുകളില്‍ ഫൈറ്റര്‍ പൈലറ്റിന്റെ ആരോഗ്യനില 12 ആഴ്ചയ്ക്ക് പരിശോധനയ്ക്ക് വിധേയമാക്കും. അഭിനന്ദന്‍ മടങ്ങിയെത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മേയിലെ അറിയാന്‍ കഴിയൂ.

ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27 പാക് വ്യോമസേനയുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് അഭിനന്ദന്റെ മിഗ് 21 വിമാനം പാകിസ്താന്‍ പ്രദേശത്ത് തകര്‍ന്ന് വീണതും ഇജക്ട് ചെയ്ത് നിലത്തിറങ്ങിയ അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതും. പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. രണ്ട് ദിവസത്തിനകം പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിച്ചു. മാര്‍ച്ച് 1 ന് രാത്രി അഭിനന്ദന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. നിലവിലെ ആരോഗ്യനിലയും ഫൈറ്റര്‍ പൈലറ്റായി തിരിച്ചെത്താനുള്ള അഭിനന്ദന്റെ താല്‍പര്യവും വച്ച് നോ്ക്കുമ്പോള്‍ ഉടന്‍ മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ ഹി്ന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.