X

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയാല്‍ കുടുംബം തകരുമെന്ന് മോദി സര്‍ക്കാര്‍

ഭാര്യാ-ഭര്‍തൃ ലൈംഗിക ബന്ധങ്ങളില്‍ മറ്റ് തെളിവുകള്‍ക്ക് സാധ്യതയില്ലെന്ന്‍ കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നത് കുടുംബഘടനയെ തകര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധങ്ങള്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ വന്നാല്‍ ഭാര്യയുടെ നിലപാടിന് അനുസൃതമായിട്ടായിരിക്കും അത് ബലാത്സംഗമാണോ അല്ലയോ എന്ന കാര്യത്തില്‍ കോടതി വിധി പുറപ്പെടുവിക്കുക. ഭാര്യാ-ഭര്‍തൃ ലൈംഗിക ബന്ധങ്ങളില്‍ മറ്റ് തെളിവുകള്‍ക്ക് സാധ്യതയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനും (AIDWA) RIT ഫൗണ്ടേഷനുമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന സെക്ഷന്‍ 375 ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒഴിവാക്കുന്ന വ്യവസ്ഥ 2013ലെ ഭേദഗതിയുടെ ഭാഗമായി വന്നതാണ്.

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ചില സവിശേഷമായ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. നിരക്ഷരത, സാമ്പത്തികമായും സാമൂഹ്യമായുള്ള പിന്നോക്കാവസ്ഥ ഇതെല്ലാം ഇത്തരമൊരു പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പാര്‍ലമെന്ററി സമിതിയും ഇത് വാദമാണ് ഉന്നയിച്ചത്.

അതേസമയം വൈവാഹിക ബലാത്സംഗം എന്നൊന്നില്ലെന്ന് മിസോറാം മുന്‍ ഗവര്‍ണറും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അഭിപ്രായപ്പെട്ടു. വീടുകളെ പൊലീസ് സ്റ്റേഷനാക്കരുതെന്നും ഇത് കുറ്റകൃത്യമായാല്‍ ഭൂരിപക്ഷം ഭര്‍ത്താക്കന്മാരും ജയിലിലാകുമെന്നും സ്വരാജ് കൗശല്‍ പറഞ്ഞു. അതേസമയം വനിതാ സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്ത് ഒരു എന്‍ജിഒ രംഗത്തെത്തിയിട്ടുണ്ട്. പുരുഷന്മാരാണ് യഥാര്‍ത്ഥത്തില്‍ പീഡനം അനുഭവിക്കുന്നതെന്നും പുരുഷന്മാര്‍ ലിംഗനീതി നിയമങ്ങളുടെ ഇരകളാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഗാര്‍ഹികപീഡനവും ബലാത്സംഗവും സംബന്ധിച്ച സ്ത്രീകളുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ഈ സംഘടന വാദിക്കുന്നു.

This post was last modified on August 29, 2017 6:49 pm