X

ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി, ഇനി സര്‍ക്കാര്‍ നിലപാടിനൊപ്പം; ഭക്തകളെ സ്വീകരിക്കാന്‍ ശബരിമല ഒരുങ്ങുന്നു

മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം ദര്‍ശനത്തിന് വരുക എന്ന് കടകംപള്ളി ഇന്നലെ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം കേരളത്തിന് പുറത്തുള്ള പല ക്ഷേത്രങ്ങളിലുമുള്ളത് പോലെ ഡിജിറ്റല്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കാനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റേ ആയ എ പദ്മകുമാറിനെ ശകാരിച്ചതായാണ് മാധ്യമ വാര്‍ത്തകള്‍. സര്‍ക്കാരിനോട് ആലോചിക്കാതെ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത് എന്നാണ് സൂചന. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പദ്മകുമാര്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് എന്നതിനാല്‍ മുഖ്യമന്ത്രിയോട് കൂടി ആലോചിച്ചാണ് പുനപരിശോധന ഹര്‍ജി ബോര്‍ഡിന്റെ പരിഗണനയിലുള്ളതെന്ന് ധ്വനി വന്നു. ഇത് മുഖ്യമന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും നിലപാട് ഒന്നായിരിക്കണമെന്നില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതായാലും യോഗത്തില്‍ പങ്കെടുക്കാതിരുന്ന പ്രസിഡന്റ് ദേവസ്വം ബോര്‍ഡിന്‍റെ മാറ്റിയ നിലപാടാണ് അറിയിച്ചത്. സര്‍ക്കാര്‍ നിലപാടിനോപ്പമാണ് ബോര്‍ഡ് എന്ന് പദ്മകുമാര്‍ വ്യക്തമാക്കി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സര്‍ക്കാരോ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ദേവസ്വം ബോര്‍ഡോ പുനപരിശോധന ഹര്‍ജിയുമായി കോടതിയെ സമീപിക്കില്ലെന്ന് വ്യക്തമായി.

തുലാമാസ പൂജ തുടങ്ങാനിരിക്കെ, ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ദേവസ്വം മന്ത്രി വ്യക്തമാക്കുന്നത്. കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി പറഞ്ഞു. മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം ദര്‍ശനത്തിന് വരുക എന്ന് കടകംപള്ളി ഇന്നലെ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം കേരളത്തിന് പുറത്തുള്ള പല ക്ഷേത്രങ്ങളിലുമുള്ളത് പോലെ ഡിജിറ്റല്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഓരോ ദിവസവും എത്ര പേര്‍ ദര്‍ശനത്തിനെത്തുന്നു എന്നത് സംബന്ധിച്ച് കൃത്യമായി വിവരം ലഭിക്കാന്‍ ഇത് സഹായിക്കും. സുരക്ഷയൊരുക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി അവകാശപ്പെടുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഒരുക്കങ്ങളെ കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍:

വനിത പൊലീസുകാരെ വിന്യസിക്കും. പതിനെട്ടാം പടിയിലും ആവശ്യമെങ്കില്‍ വനിത പൊലീസുകാരെ നിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വനിതാ പൊലീസുകാരെ വിശുദ്ധ സേനയിലും ഉള്‍പ്പെടുത്തും.

സ്ത്രീകള്‍ക്ക് വിരി വയ്ക്കാന്‍ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കുമെങ്കിലും ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി നീക്കി വയ്ക്കും. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടാകും. 15 കൗണ്ടറുകളില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കായി പ്രത്യേകം മാറ്റിവയ്ക്കും. വനിത കണ്ടക്ടര്‍മാരും ഡ്യൂട്ടിയിലുണ്ടാകും. നിലയ്ക്കലില്‍ നിലവില്‍ 6000 പേര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യമാണ് ഉള്ളത്, ഇത് പതിനായിരമാക്കി ഉയര്‍ത്തും.

സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റ്, കുളിക്കടവ് സൗകര്യങ്ങളൊരുക്കും.

തിരക്ക് നിയന്ത്രണാതീതമാകുമെന്നതിനാല്‍ രാത്രിയില്‍ ഭക്തര്‍ സന്നിധാനത്ത് തങ്ങരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും പമ്പയിലേയ്ക്ക് മടങ്ങണമെന്നാണ് അഭ്യര്‍ത്ഥന. ദര്‍ശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും നീട്ടുന്ന കാര്യം തന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

തീര്‍ത്ഥാടനം പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമാക്കും.

കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.

ശബരിമല; നിലപാട് ഇതായിരുന്നിട്ടും ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ സര്‍ക്കാരും സിപിഎമ്മും മടിക്കുന്നതെന്തിന്?

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

This post was last modified on October 2, 2018 11:56 am