X

ഗ്രീന്‍ പീസിന് പിന്നാലെ ആംനസ്റ്റി ഓഫീസിലും എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്‌

ആംനസ്റ്റി യുകെ അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്നാണ് ആരോപണം.

ഗ്രീന്‍ പീസിന് പിന്നാലെ ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന് എതിരെയും കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആംനസ്റ്റി ഇന്ത്യയുടെ ബംഗളൂരു ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വിദേശത്ത് നിന്ന് ധന സംഭാവനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഇഎംഎ (Foreign Exchange Managaement Act) ലംഘിച്ചതിനാണ് എഫ്‌സിആര്‍എ (Foreign Contribution Regulation Act) യൂണിറ്റിന്റെ
നടപടി. ആംനസ്റ്റി യുകെ അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്നാണ് ആരോപണം. 36 കോടി രൂപയാണ് ഇത്തരത്തില്‍ 2014 മേയ്ക്കും 2016 ഓഗസ്റ്റിനുമിടയില്‍ ആംനസ്റ്റി ഇന്ത്യ സ്വീകരിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

രണ്ടാഴ്ച മുമ്പാണ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു എന്‍ജിഒ ആയ ഗ്രീന്‍ പീസിന്റെ ബംഗളൂരു ഓഫീസിലും അനുബന്ധ ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിക്കുന്ന സംഘടന നിയമവിരുദ്ധമായി വിദേശ സംഭാവന സ്വീകരിക്കുന്നു എന്നായിരുന്നു ആരോപണം. അതേസമയം ആരോപണങ്ങള്‍ ഗ്രീന്‍ പീസ് തള്ളിക്കളയുന്നു. വിജയ് മല്യക്കും നിരവ് മോദിക്കുമെല്ലാം തട്ടിപ്പ് നടത്തി രാജ്യം വിടാം. എന്നാല്‍ സന്നദ്ധ സംഘടനകള്‍ സര്‍ക്കാരിന്റെ ശത്രുക്കളാണ് എന്ന അവസ്ഥയാണ് എന്ന് കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് ട്വീറ്റ് ചെയ്തു.

This post was last modified on October 25, 2018 7:46 pm