X

ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

1996 മുതല്‍ 2006 വരെ 10 വര്‍ഷം രണ്ട് തവണയായി യുഎന്‍ സെക്രട്ടറി ജനറലായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇതുവരെയുള്ള ചരിത്രത്തിലെ കറുത്തവര്‍ഗക്കാരനായ സെക്രട്ടറി ജനറലാണ് കോഫി അന്നന്‍.

ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു. 80 വയസായിരുന്നു. ആഫ്രിക്കയിലെ ഘാന സ്വദേശിയായ കോഫി അന്നന്‍ മുന്‍ സമാധാന നൊബേല്‍ ജേതാവാണ്. 1996 മുതല്‍ 2006 വരെ 10 വര്‍ഷം രണ്ട് തവണയായി യുഎന്‍ സെക്രട്ടറി ജനറലായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇതുവരെയുള്ള ചരിത്രത്തിലെ കറുത്തവര്‍ഗക്കാരനായ സെക്രട്ടറി ജനറലാണ് കോഫി അന്നന്‍. മരണ സമയത്ത് ഭാര്യ നാനെയും മക്കളായ അമ, കോജോ, നിന എന്നിവരും അദ്ദേഹത്തിന് സമീപമുണ്ടായിരുന്നു എന്ന് കോഫി അന്നന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.

1938 ഏപ്രില്‍ എട്ടിന് ഘാനയിലെ കുമാസിയിലാണ് ജനനം. മകാലെസ്റ്റര്‍ കോളേജില്‍ നിന്ന് എക്കണോമിക്‌സ് ബിരുദവും ജെനീവയിലെ ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദവും യുഎസിലെ മാസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടി. 1962ല്‍ യുഎന്നിന്റെ ഭാഗമായി. സിറിയയിലേയ്ക്കുള്ള യുഎന്‍ പ്രത്യേക പ്രതിനിധിയായിരുന്നു. 2001ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി. 2016ല്‍ റാഖിന്‍ പ്രവിശ്യയില്‍ വംശീയ ന്യൂനപക്ഷമായ റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പാനലിന്റെ തലവനായി മ്യാന്‍മര്‍ നിയോഗിച്ചതും കോഫി അന്നനെ തന്നെ.

യുഎന്നില്‍ നിന്ന് വിരമിച്ച ശേഷവും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു കോഫി അന്നന്‍ – കോഫി അന്നന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച ദ എല്‍ഡേഴ്‌സ് എന്ന സംഘടനയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിച്ചു. ആഫ്രിക്ക പ്രോഗ്രസ് പാനലിന്റെ ചെയര്‍മാനായിരുന്നു. അലൈന്‍സ് ഫോര്‍ എ ഗ്രീന്‍ റെവലൂഷന്‍ ഇന്‍ ആഫ്രിക്ക (എജിആര്‍എ) എന്ന സംഘടനയുടേയും ആദ്യകാല നേതാവായിരുന്നു.

This post was last modified on August 18, 2018 4:50 pm