X

തിരിച്ചടികള്‍ക്കിടയിലും ജനകീയ കമ്മിറ്റികളുമായി കേരളത്തില്‍ മാവോയിസ്റ്റുകള്‍ മുന്നോട്ട്?

ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ മതിയായ സ്വാധീനമുണ്ടെന്ന് വ്യക്തമാവുകയും അവരുടെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തിലെത്തുകയും ചെയ്യുമ്പോളാണ് സാധാരണയായി മാവോയിസ്റ്റുകള്‍ ആര്‍പിസികള്‍ രൂപീകരിക്കുന്നത്.

വലിയ തിരിച്ചടികള്‍ക്കിടയിലും കേരളത്തില്‍ വിപ്ലവ ജനകീയ കമ്മിറ്റികള്‍ (Revolutionary Peoples Committees) രൂപീകരിക്കാനുള്ള നീക്കങ്ങളുമായി സിപിഐ മാവോയിസ്റ്റ് മുന്നോട്ടു പോവുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. അട്ടപ്പാടിയിലെ ചില ആദിവാസി കോളനികളില്‍ ഇതിനകം ആര്‍പിസികള്‍ രൂപീകരിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അഗളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എടവണി, സ്വര്‍ണഗാഘ കോളനികളില്‍ ആര്‍പിസികള്‍ രൂപീകരിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഓഗസ്റ്റ് 14ന് ഇവിടെ മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നിട്ടുണ്ട്. Peoples Liberation Guerrilla Arms (PLGA)ല്‍ പ്രവര്‍ത്തിക്കുന്ന ആയുധധാരികളായ 20 മാവോയിസ്റ്റുകള്‍ ഈ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.

മറ്റ് കോളനികളിലും മാവോയിസ്റ്റുകള്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ക്ക് മുകളില്‍ ചെങ്കൊടി കെട്ടിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ജനകീയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആദ്യ ഘട്ടമാണ് ജനകീയ വിപ്ലവ കമ്മിറ്റി. ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ മതിയായ സ്വാധീനമുണ്ടെന്ന് വ്യക്തമാവുകയും അവരുടെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തിലെത്തുകയും ചെയ്യുമ്പോളാണ് സാധാരണയായി മാവോയിസ്റ്റുകള്‍ ആര്‍പിസികള്‍ രൂപീകരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീനം സംശയിക്കുന്ന പല കോളനികളിലേയ്ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കടന്നുചെല്ലാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിലമ്പൂര്‍ കാട്ടില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കുപ്പു ദേവരാജിന് പകരമായി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ കര്‍ണാടക സ്വദേശി ബിജി കൃഷ്ണമൂര്‍ത്തിയെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. കൃഷ്ണമൂര്‍ത്തി അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. നിലമ്പൂരിലെ ക്യാമ്പില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്ന് അനില്‍, സംഗ്രം എന്നീ രണ്ട് നേതാക്കളുടെ പേരുകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അനില്‍ കേന്ദ്രകമ്മിറ്റി, അല്ലെങ്കില്‍ പൊളിറ്റ് ബ്യൂറോ അംഗമാണെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ആണ് പൊലീസിന്‍റെ സംശയം.

This post was last modified on August 27, 2017 10:39 am