X

പ്രളയത്തിനിടയിൽ മന്ത്രി കെ രാജുവിന്റെ ജർമൻ സന്ദർശനത്തിനെതിരെ വ്യാപക വിമർശനം

മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്.

കേരളത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുന്നതിനിടെ വനം മന്ത്രി കെ രാജുവിന്റെ ജർമനി യാത്ര വിവാദമാകുന്നതായി ന്യൂസ് 18 റിപ്പോട്ട് ചെയ്യുന്നു.വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആണ് വ്യാഴാഴ്ച രാവിലെ അദ്ദേഹം ജര്‍മ്മനിയിലേക്കു പുറപ്പെട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്. ഇ ടി മുഹമ്മദ് ബഷീർ എം പി ആയിരിക്കുന്ന പൊന്നാനി മണ്ഡലത്തിലും മഴക്കെടുതികൾ രൂക്ഷമാണ്.

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. എന്നാല്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ കേരള ജനത ഒന്നടങ്കം ശ്രമിക്കുന്നതിനിടെ മന്ത്രി വിദേശത്തേക്കു പറക്കുകയായിരുന്നു. കോട്ടയം ജില്ലയില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത നടപടിയാണ് മന്ത്രി കെ. രാജുവിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്.

ചിത്രം കടപ്പാട് : ന്യൂസ് 18

This post was last modified on August 17, 2018 1:17 pm