X

കോണ്‍ഗ്രസ്സ് തലപ്പത്തേക്ക് മുല്ലപ്പള്ളി?

ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന

സംസ്ഥാന കോണ്‍ഗ്രസ്സിന്റെ തലപ്പത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തുമെന്ന് സൂചന. പുതിയ കെ പി സി സി അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയെ നിയമിക്കുമെന്നാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും എ ഐ സി സി വൃത്തങ്ങള്‍ അഴിമുഖത്തോട് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് ശേഷം വി എം സുധീരന്‍ ഒഴിവായ സാഹചര്യത്തില്‍ താല്‍ക്കാലിക പ്രസിഡണ്ടായാണ് എം എം ഹസന്‍ സ്ഥാനമേറ്റത്. കെ പി സി സിയുടെ പുനസംഘടനയുടെ ഭാഗമായി ഹസ്സന്‍ മാറുമ്പോള്‍ പകരമാരെന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയിരുന്നു. കെ മുരളീധരനും ബെന്നി ബഹനാനും കെ സുധാകരനും മുല്ലപ്പള്ളിയുമൊക്കെ സജീവമായി ചരടുവലികളുമായി രംഗത്തുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെ സുധാകരനെ പിന്തുണച്ചു നിരവധി ഫ്ലക്സുകള്‍ തലസ്ഥാനത്തടക്കം സ്ഥാപിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം പി ജെ കുര്യന്‍ ഒഴിവാകുന്ന രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസ്സനും ഡല്‍ഹിയില്‍ എത്തിയിരുന്നു. ആ യോഗത്തില്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ്യസഭ സീറ്റ് പി ജെ കുര്യന് നല്‍കരുത് എന്നാവശ്യപ്പെട്ട് യുവ നേതാക്കള്‍ കലാപമുയര്‍ത്തിയതിനെ തുടര്‍ന്ന് ആകെ ആശയകുഴപ്പം നിലനിന്ന പശ്ചാത്തലത്തില്‍ അത് സംബന്ധിച്ചു മാത്രമാണ് പ്രഖ്യാപനം ഉണ്ടായത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സ് എമ്മിന് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തുവരികയും ചെയ്തു.

ഈ പരസ്യപ്രതികരണങ്ങളും മറ്റും സൂക്ഷ്മമായി വിലയിരുത്തിയ കേന്ദ്ര നേതൃത്വം ഗ്രൂപ്പിനതീതമായി അണികളുടെ പിന്തുണയുള്ള ഒരു നേതാവ് തലപ്പത്തേക്ക് വരണം എന്നു തീരുമാനിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിനു കൂടുതല്‍ പിന്തുണ കിട്ടാന്‍ സാഹചര്യമൊരുങ്ങിയത് അങ്ങനെയാണ്. യു പി എ ഗവണ്‍മെന്‍റില്‍ ആഭ്യന്തര സഹമന്ത്രി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലവില്‍ വടകരയില്‍ നിന്നുള്ള എം പിയാണ്. എ ഐ സി സി അദ്ധ്യക്ഷ  തെരഞ്ഞെടുപ്പിന്‍റെ മുഖ്യവരണാധികാരിയായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

This post was last modified on July 5, 2018 7:07 pm