X
    Categories: കേരളം

നെയ്യാറ്റിൻകര കൊലപാതകം : ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം

നെയ്യാറ്റിൻകര സനൽ കൊലപാതക കേസിലെ ഒന്നാം പ്രതി ഡി വൈ എസ് പി ഹരികുമാർ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഹരികുമാർ 9 ദിവസമായി ഒളിവിൽ ആയിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവശേഷം ഹരികുമാര്‍ ഒളിവില്‍ ആയിരുന്നു.

കൊടങ്ങാവിളയിൽ നവംബർ 5 ന് രാത്രി ആയിരുന്നു സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. ഹരികുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് ഭാര്യ വിജിയും കുടുംബാംഗങ്ങളും നിരാഹാര സമരം ആരംഭിച്ചിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഹരികുമാറിന് ദൈവം നല്‍കിയ വിധിയാണ് ഇതെന്ന് വിജി പ്രതികരിച്ചു. മരണ വിവരം അറിഞ്ഞതോടെ വിജിയും കുടുംബാംഗങ്ങളും ഉപവാസ സമരം അവസാനിപ്പിച്ചു.

ഹരികുമാര്‍ ദിവസങ്ങളായി ഒളിസങ്കേതങ്ങള്‍ മാറിമാറി നടക്കുകയായിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നതായാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഡിവൈഎസ്പി റാങ്കിലുള്ള ഇയാള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിക്കുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.

 

 

This post was last modified on November 13, 2018 3:02 pm

Related Post
Leave a Comment