X

തൃണമൂല്‍ ആക്രമണം; ബംഗാളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വാട്സാപ്പിലൂടെയും

വാട്‌സപ്പിലൂടെ സമര്‍പ്പിക്കപ്പെട്ട നാമ നിര്‍ദേശ പത്രിക സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതിയുടെ നിര്‍ദേശം

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാട്‌സപ്പിലൂടെ സമര്‍പ്പിക്കപ്പെട്ട നാമ നിര്‍ദേശ പത്രിക സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതിയുടെ നിര്‍ദേശം. കല്‍ക്കത്ത ഹൈക്കോടതിയാണ് വാട്‌സ് അപ്പ് പത്രിക സാധുവാണെന്ന് ഉത്തരവിട്ടത്. ഇതോടെ ഇത്തരത്തില്‍ പത്രിക സമര്‍പ്പിച്ച ഒമ്പത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവും.

കടലാസില്‍ തയ്യാറാക്കിയ പത്രിക സമര്‍പ്പിക്കാത്തതിനാല്‍ ഇവ സ്വീകരിക്കാനാവില്ലെന്ന ബംഗാര്‍ രണ്ടിലെ ബ്ലോക്കോഫിസറുടെ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ അസാധാരണ ഉത്തരവ്.

കോടതി നിര്‍ദേശ പ്രകാരം തിങ്കളാഴ്ച ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വരണാധികാരി മുമ്പാകെ എത്തിയിരുന്നു, എന്നാല്‍ അവിടെയെത്തിയ അക്രമികള്‍ രേഖകള്‍ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നെന്ന് സ്ഥാനാര്‍ഥികളിലൊരാളായ രേണുകാ ചൗധരി കോടതിയെ അറിയിച്ചു. ഇതോടെ രേഖകള്‍ സമര്‍പ്പിക്കാനാവാതെ വന്നതാണ് വാട്‌സ്അപ്പ് വഴി പത്രിക ബ്ലോക്ക് വെല്‍ഫെയര്‍ ഓഫിസര്‍ക്ക് അയച്ചു നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

ഇതോടെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ ജസ്റ്റിസ് സുബ്രതാ ഠാക്കുര്‍ നിര്‍ദേശിച്ചത്. ഹര്‍ജി പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.

This post was last modified on April 26, 2018 12:29 pm