X

സോണിയയും രാഹുലും പ്രതിരോധ ഇടപാടുകളില്‍ ഇടപെട്ടിട്ടില്ല: എകെ ആന്റണി

മോദി സര്‍ക്കാര്‍ നുണകള്‍ നിര്‍മ്മിക്കുന്നതിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് എകെ ആന്റണി കുറ്റപ്പെടുത്തി.

യുപിഎ ഭരണകാലത്തെ പ്രതിരോധ ഇടപാടുകളില്‍ അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇടപെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. ഇന്ത്യയിലെത്തിച്ച ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയയുടെ പേര് പരാമര്‍ശിച്ചതായും ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന് പറഞ്ഞതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു.

മോദി സര്‍ക്കാര്‍ നുണകള്‍ നിര്‍മ്മിക്കുന്നതിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് എകെ ആന്റണി കുറ്റപ്പെടുത്തി. ഞാന്‍ പ്രതിരോധ മന്ത്രിയായിരിക്കെയാണ് അഗസ്റ്റവെസ്റ്റ്‌ലാന്റ് കരാറുണ്ടായത്. സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇതില്‍ ഇടപെട്ടിട്ടേ ഇല്ല. യുപിഎ സര്‍ക്കാര്‍ അഗസ്റ്റവെസ്റ്റ്‌ലാന്റിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അഗസ്റ്റയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്തതെന്നും ആന്റണി കുറ്റപ്പെടുത്തി. റാഫേല്‍ കരാറിലെ അഴിമതി ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

This post was last modified on December 31, 2018 5:07 pm