X

വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ നാളെ ബ്രിട്ടീഷ് കോടതി വിധി; ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ല

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേയ്ക്ക് മുങ്ങിയ മല്യയെ ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്നാണ് വിവരം.

വായ്പാ തട്ടിപ്പുകേസിലെ പ്രതിയായ വിവാദ വ്യവസായി വിജയ് മല്യടെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യയുടെ എക്‌സ്ട്രാഡിഷന്‍ അപേക്ഷയില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. അതേസമയം നാളത്തെ കോടതിവിധി ഇന്ത്യക്ക് അനുകൂലമായാല്‍ പോലും, വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേയ്ക്ക് മുങ്ങിയ മല്യയെ ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്നാണ് വിവരം.

ഇന്ത്യയും യുകെയും തമ്മില്‍ 1993 മുതല്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ട്. ഗുല്‍ഷന്‍കുമാര്‍ കൊല കേസിലെ പ്രതി നദീം സെയ്ഫി, നാവി വാര്‍ റൂം വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രവി ശങ്കരന്‍, 1993ലെ ഗുജറാത്ത് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ടൈഗര്‍ ഹനീഫ് എന്നിവരെല്ലാം ഇത്തരത്തില്‍ എക്‌സ്ട്രാഡിഷന്‍ പരിധിയില്‍ വന്നിട്ടുണ്ട്. മല്യ കേസില്‍ എക്‌സ്ട്രാഡിഷന്‍ എളുപ്പമല്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ടൈഗര്‍ ഹനീഫിന്റെ കേസില്‍ എല്ലാ കോടതികളും എക്‌സ്ട്രാഡിഷന് അനുമതി നല്‍കിയിട്ടുപോലും ആഭ്യന്തര സെക്രട്ടറി ഒപ്പുവയ്ക്കാത്തതിനാല്‍ തീരുമാനം നീളുകയാണ്.

നേരത്തെ മല്യയെ തടവില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ സൗകര്യങ്ങള്‍ തടവുകാരുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്നതാണോ എന്ന് കോടതി അന്വേഷിച്ചിരുന്നു. ഇതിന് മറുപടിയായി ആര്‍തര്‍ റോഡ് ജയിലില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട് എന്ന് കാണിച്ച് ഇന്ത്യ വീഡിയോ സമര്‍പ്പിച്ചിരുന്നു. വായ്പയെടുത്ത പണം മുഴുവനായി തിരിച്ചുതരാന്‍ താന്‍ തയ്യാറാണെന്നും ഇത് സ്വീകരിച്ച് കേസുകള്‍ സെറ്റില്‍ ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും വിജയ് മല്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“എനിക്കൊന്നും വേണ്ട, എല്ലാം നിങ്ങളെടുത്തോളൂ”: തിരിച്ചടക്കാനുള്ള പണം മുഴുവന്‍ തിരിച്ചുതരാമെന്ന് വിജയ് മല്യ

This post was last modified on December 9, 2018 7:43 pm