X

‘ഇതേത് നായനാരെ’ന്ന ചോദ്യവുമായി നാട്ടുകാർ‌; നായനാർ അക്കാദമിയിലെ ശിൽപത്തെക്കുറിച്ച് വിമർ‌ശനം

ജയ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി ശിൽപി തോമസ് ജോൺ കോവൂരാണ് ശിൽപം നിർമിച്ചത്. ജയ്പൂരിൽ തന്നെയായിരുന്നു ശിൽപനിർമാണവും.

നായനാർ അക്കാദമിയിൽ സ്ഥാപിച്ച ശിൽപത്തെക്കുറിച്ച് വ്യാപക വിമർശനം. നായനാരുമായി യാതൊരു സാമ്യവുമില്ലാത്ത പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പാർട്ടിക്കുള്ളിലും പുറത്തും വിമർശനമുയരുന്നത്.

നെറ്റിത്തടത്തിന് നായനാരുടേതില്‍ നിന്നും വ്യത്യസ്തമായി കവിഞ്ഞ വീതിയും ദൃഢതയുമുണ്ട് ഈ ശിൽപത്തിൽ. കവിളുകളും ചുണ്ടുകളുടെ ആകൃതിയുമെല്ലാം ഏറെ വ്യത്യസ്തമാണ്. നായനാരെ കാര്യമായി പരിചയമില്ലാത്ത ഒരാൾ നിർമിച്ച ശിൽപമാണിതെന്നേ ആരും പറയൂ.

ഓവർകോട്ടിട്ട് കൈയിൽ ഒരു ബാഗും പിടിച്ചു നിൽക്കുന്ന നിലയിലാണ് നായനാരുടെ പ്രതിമ. കളമണ്ണിൽ ആദ്യമുണ്ടാക്കിയ ശിൽപത്തിന് ഈ പ്രശ്നമില്ലായിരുന്നെന്നും പിന്നീട് അത് കാസ്റ്റ് ചെയ്തപ്പോഴാണ് ഈ ഭാവമാറ്റം ഉണ്ടായതെന്നും നിർമാണച്ചുമതലയുണ്ടായിരുന്നവർ പറയുന്നു.

ജയ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി ശിൽപി തോമസ് ജോൺ കോവൂരാണ് ശിൽപം നിർമിച്ചത്. ജയ്പൂരിൽ തന്നെയായിരുന്നു ശിൽപനിർമാണവും.

അക്കാദമിയുടെ ആർക്കിടെക്റ്റാണ് ശിൽപിയെ നിർദ്ദേശിച്ചതെന്നറിയുന്നു. കേരളത്തിൽ തന്നെ ധാരാളം ശിൽപികളുള്ളപ്പോൾ ജയ്പൂരില്‍ നിന്ന് ശിൽപിയെ കണ്ടെത്തേണ്ട കാര്യം എന്താണുണ്ടായിരുന്നത് എന്ന് വിമർശനമുയരുന്നുണ്ട്.

അതെസമയം വിഷയത്തിൽ പ്രതികരിക്കാൻ പാർട്ടി വൃത്തങ്ങൾ തയ്യാറായില്ല. വീണ്ടുമൊരു മിനുക്കുപണിക്ക് ശിൽപിയെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.