X

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനായ ‘കട്ട’ റൗഫിനെ വെട്ടിക്കൊന്ന സംഭവം: എസ്ഡിപിഐ പ്രവര്‍ത്തകനെ കൊന്നതിനുള്ള പ്രതികാരമെന്ന് ആരോപണം

2016ല്‍ കണ്ണൂര്‍ നഗരത്തിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു റൗഫ്.

കണ്ണൂര്‍ നഗരത്തില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം എസ്ഡിപിഐ പ്രവര്‍ത്തകനെ കൊന്നതിനുള്ള പ്രതികാരമെന്ന് സംശയം. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് ആദികടലായി അമ്പലത്തിനടുത്തുവച്ച് ലീഗ് പ്രവര്‍ത്തകനായ കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ് (26) ആണ് കൊല്ലപ്പെട്ടത്. പോലീസെത്തിയായിരുന്നു ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് എത്തി റൗഫിനെ ചാല മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്, കൂടാതെ ഒരു കാല്‍ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്. റൗഫിന്റെ മൃതദേഹം പുലര്‍ച്ചെയോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷയിലായിരുന്നു റൗഫ്. ശിക്ഷയില്‍ കഴിയവെ രണ്ടു ദിവസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

2016ല്‍ കണ്ണൂര്‍ നഗരത്തിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു റൗഫ്. റൗഫിന്റെ കൊലപാതകത്തിന് പിന്നില്‍ ഫാറൂഖിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണെന്ന് ആരോപണമുണ്ട്. റൗഫിന്റെ കൊല രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്നതിനോട് പ്രതികരിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് തയ്യാറായിട്ടില്ല. അന്വേഷണം നടക്കുന്നുവെന്നാണ് അഴിമുഖത്തോട് പോലീസ് പ്രതികരിച്ചത്.

വീട്ടിലേക്ക് പോകുന്ന വഴിയാണ് റൗഫിന് നേരെ ആക്രമണമുണ്ടായത്. ഏറെനാളായി ബന്ധുക്കളോടൊപ്പം വെത്തിലപ്പള്ളിയിലെ അല്‍അമീന്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇയാളുടെ താമസം. കവര്‍ച്ച കേസിലും മയക്കുമരുന്ന് കേസിലുമുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് റൗഫെന്നും 15 ഓളം കേസുകള്‍ റൗഫിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read: പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാകിസ്താന്‍ ആര്‍മിയുടെ ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു, വാജ്‌പേയ് അതില്‍ നിന്ന് പിന്മാറാന്‍ കാരണമിതാണ്‌

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber