X

“രാജകൊട്ടാരത്തിൽ ‘മുഖംകാണിക്കാൻ’ പോയിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവിനെ എനിക്കറിയാം; എന്റെ ഭർത്താവ് ജികെ:” സുലേഖ

ജനാധിപത്യത്തെ ഉൾക്കൊള്ളാൻ തയ്യാറാകാത്തവരുടെ അടുക്കൽ താൻ പോകില്ലെന്ന ഉറച്ച നിലപാടായിരുന്നു കാർത്തികേയന്റേത്.

‘അമ്മമഹാറാണി’ എന്നൊരു സ്ഥാനമില്ലെന്നും വേണമെങ്കിൽ രാജകുടുംബാംഗമെന്ന് പറയാമെന്നും ഇത് രാജാധിപത്യകാലമല്ലെന്നും പറഞ്ഞ ജി സുധാകരനെ പരോക്ഷമായി പിന്തുണച്ച് അന്തരിച്ച കോൺഗ്രസ്സ് നേതാവ് ജി കാർത്തികേയന്റെ ഭാര്യ സുലേഖ. സോഷ്യൽ മീഡിയയിൽ നടന്ന ഒരു ചർച്ചക്കിടയിലാണ് സുലേഖ ഇക്കാര്യം പറഞ്ഞത്. 1982ൽ തിരുവനന്തപുരം നോർത്തിൽ മത്സരിച്ച കാർത്തികേയൻ രാജകൊട്ടാരത്തിൽ മുഖം കാണിക്കാൻ പോകുകയുണ്ടായില്ലെന്ന് അവർ പറഞ്ഞു.

ജനാധിപത്യത്തെ ഉൾക്കൊള്ളാൻ തയ്യാറാകാത്തവരുടെ അടുക്കൽ താൻ പോകില്ലെന്ന ഉറച്ച നിലപാടായിരുന്നു കാർത്തികേയന്റേത്. ജനാധിപത്യം വന്ന് ഇത്രയും കാലമായിട്ടും കൊട്ടാരത്തിലുള്ളവർ വോട്ട് ചെയ്യാൻ പോകാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യവും സുലേഖ ഓർത്തെടുത്തു.

ശബരിമല വിഷയത്തിൽ കൊട്ടാരമെന്നും അമ്മ മഹാറാണിയെന്നുമെല്ലാം പരാമർശിച്ച് ചിലർ രംഗത്തു വന്നപ്പോൾ ജി സുധാകരൻ അതിനോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. രാജാധിപത്യം പോയെന്നും ജനാധിപത്യകാലമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി. “തമ്പുരാട്ടി എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂർ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല. രാജവാഴ്ച അവസാനിച്ചതാണ്”-എന്നായിരുന്നു ജി സുധാകരന്റെ വാക്കുകൾ.

സുലേഖയുടെ കമന്റിന്റെ പൂർണരൂപം

രാജകൊട്ടാരത്തിൽ മുഖം കാണിക്കാൻ ഒരിക്കലും പോകാത്ത ഒരു രാഷ്ട്രീയ നേതാവിനെ എനിക്കറിയാം, എന്റെ ഭർത്താവ്… കവടിയാർ കൊട്ടാരത്തിലെ അംഗങ്ങൾ വോട്ടുചെയ്യേണ്ട നിയമസഭാ മണ്ഡലമായ തിരുവനന്തപുരം നോർത്തിൽ 1982-87കാലത്തേ എം.എൽ. എ ആയിരുന്നു ജി. കെ. കൊട്ടാരത്തിലെ ജീവനക്കാരും സില്ബന്ധികളിൽ ഏറെയും ഈ മണ്ഡലംകാർ… പോകാത്തതിന് കാരണമായി എന്നോട് പറഞ്ഞത് ഇതാണ്… ജനാധിപത്യം വന്ന്, ഇത്രയും കാലമായിട്ടും കൊട്ടാരത്തിലുള്ളവർ വോട്ട് ചെയ്യാൻ പോകാറില്ല. ജനാധിപത്യത്തെ ഉൾക്കൊള്ളാൻ ഇന്നും തയ്യാറാകാത്ത അവിടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഞാൻ പോകില്ല ;അതൊരു തീരുമാനമായിരുന്നു… ഉറച്ച തീരുമാനം… പക്ഷെ, ഇപ്പോൾ പുതിയ തലമുറയിലെ രാജകുടുംബാംഗങ്ങൾ വോട്ടു രേഖപ്പെടുത്തി ജനാധിപത്യപ്രക്രിയയിൽ ഭാഗഭാക്കാകുന്നുണ്ട് എന്ന് എടുത്തുപറയുന്നു…

This post was last modified on October 9, 2018 7:41 am