ന്യൂ ഇയർ പാർട്ടിയിൽ വെച്ച് 45കാരിക്ക് തലയ്ക്ക് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ മുൻ ജനതാദൾ യുനൈറ്റഡ് എംഎൽഎയെ പൊലീസ് തിരയുന്നു. സൗത്ത് ഡൽഹിയിലെ ഒരു ഫാംഹൗസിൽ വെച്ച് നടന്ന പുതുവർഷ ആഘോഷത്തിനിടെയാണ് ആർക്കിടെക്റ്റായ യുവതിക്ക് വെടിയേറ്റത്. അർച്ചനാ ഗുപ്തെ എന്നാണ് ഇവരുടെ പേരെന്ന് റിപ്പോർട്ടുകൾ പറയുന്നു. അർധരാത്രിയോടെയാണ് ഇവർക്ക് വെടിയേറ്റതെന്നും ഇപ്പോൾ വസന്ത് കുഞ്ജിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ വിശദീകരിക്കുന്നു.
മുൻ ജനതാദൾ യുനൈറ്റഡ‍് എംഎൽഎ രാജു കുമാർ സിങ്ങാണ് വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. ഇയാൾ ഒളിവിലാണ്. ജനതാദളിൽ നിന്നും 20115ൽ രാജു ബിജെപിയിലേക്ക് മാറിയിരുന്നു. മുസാഫർനഗറുകാരനായ ഇയാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ കൂടിയാണ്. ആയുധ നിയമപ്രകാരമുള്ളതടക്കം ഗുരുതരമായ കേസ്സുകൾ മുൻ എംഎൽഎക്കെതിരെ നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇപ്പോൾ കേസ്സെടുത്തിട്ടുള്ളത്. സ്ത്രീയുടെ ഭർത്താവായ വികാസ് ഗുപ്തയാണ് പൊലീസിൽ പരാതി നല്‍കിയത്.
രാജു സിങ്ങിന്റെ മൂത്ത സഹോദരൻ സംഘടിപ്പിച്ച ന്യൂ ഇയർ പാർട്ടിയിൽ പങ്കെടുക്കാനാണ് അർച്ചന പോയതെന്ന് പരാതിയിൽ പറയുന്നു. 12 മണിയോടെ രാജു തന്റെ ഭാര്യക്കു നേരെ രണ്ടോ മൂന്നോ നിറയൊഴിക്കുന്നത് താൻ കണ്ടുവെന്ന് വികാസ് ഗുപ്ത പറഞ്ഞു. രാജുവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ.
Leave a Comment