ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഭേദഗതി ബില്ല് ഇന്നലെ ലോക്‌സഭ പാസാക്കി. ഭീകരതയ്‌ക്കെതിരായ സമീപനത്തില്‍ ഒരു വിട്ടൂവീഴ്ചയുമില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്. എന്നാല്‍ ഭീകരതയ്‌ക്കെതിരായ നിലപാട് കടുപ്പിക്കുന്നതിന്റെ പേരില്‍ എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്‍ഐഎയെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന്റെ പാശ്ചാത്തലത്തില്‍ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
മോദി സര്‍ക്കാര്‍ ഒരിക്കലും ഏജന്‍സിയെ ദുരുപയോഗപ്പെടുത്തില്ലെന്നായിരുന്നു അമിത്ഷായുടെ അവകാശവാദം. എന്നാല്‍ 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഹിന്ദുത്വ വാദികള്‍ കുറ്റാരോപിതരായിട്ടുള്ള കേസുകളില്‍ എന്‍ഐഎ ബോധപൂര്‍വം തോറ്റുകൊടുക്കുകയാണെന്നാണ് ആരോപണം.
രാജ്യത്തിനെതിരെ വിദേശത്തുനിന്ന് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കേസെടുക്കാനും അന്വേഷിക്കാനും ഉള്ള അധികാരം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് എന്നീ കേസുകളിലും അന്വേഷണം നടത്താനുള്ള അധികാരം, എന്നിവയാണ് പുതിയ ഭേദഗതിയിലുള്ളത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചില കേസുകളില്‍ എന്‍ഐഎ സ്വീകരിച്ച സമീപനം അതിന്റെ പ്രവര്‍ത്തനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളെകുറിച്ച് സംശയങ്ങളുണ്ടാക്കിയിരുന്നു.
മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് എന്‍ഐഎയ്ക്ക് മേലുള്ള മോദി സര്‍ക്കാറിന്റെ ഇടപെടല്‍ ആരോപണവുമായി പുറത്തുവന്നത്. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സെലൈന്‍ തന്നെയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കേസിന്റെ വിചാരണയുടെ കാര്യത്തില്‍ ധൃതി വേണ്ടെന്ന് എന്‍ഐഎയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് അഭിഭാഷക വെളിപ്പെടുത്തിയത്. പ്രഗ്യാ സിങ്ങിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനാണ് മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണത്തില്‍ മെല്ലെ പോകാന്‍ നിര്‍ദ്ദേശം ലഭിച്ചെതെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. എന്‍എഎയുടെ മെല്ലെപോക്ക് സമീപനത്തില്‍ പതിഷേധിച്ച് ഇവര്‍ കേസില്‍നിന്ന് പിന്മാറുകയായിരുന്നു.
പ്രഗ്യാ സിംങ്ങിനെ കേസില്‍നിന്ന് ഒഴിവാക്കാനായിരുന്നു എന്‍ഐഎയുടെ ശ്രമം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. യുഎപിഎ അടക്കമുള്ള കേസുകള്‍ തുടരാനായിരുന്നു കോടതിയുടെ ഉത്തരവ്. പാര്‍ലമെന്റില്‍ പങ്കെടുക്കേണ്ടതിനാല്‍ വിചാരണവേളയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന പ്രഗ്യാ സിങ്ങിന്റെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തു.
സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിന്റെ അന്വേഷണത്തില്‍ എന്‍ഐഎ കാണിച്ച സമീപനം കോടതിയുടെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേസില്‍ കുറ്റവാളികളെ മുഴുവന്‍ വിട്ടയക്കുകയാണ് ചെയ്തത്. സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഹിന്ദുത്വ ഭീകരാക്രമണ പദ്ധതികളില്‍ പങ്കാളിയായിരുന്നുവെന്ന് അസീമാനന്ദ തന്നെ ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇയാള്‍ മാറ്റി പറഞ്ഞത്. അസീമാനന്ദ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസന്വേഷണം ഫലപ്രദമായില്ലെന്ന് പറഞ്ഞാണ് കോടതി ഇവരെ വെറുതെ വിട്ടത്. വിധിയില്‍ ജഡ്ജി ജഗ്ദീപ് സിംങ് ഇങ്ങനെ പറഞ്ഞു. ‘അങ്ങേയറ്റം നികൃഷ്ടമായ ഭീകരാക്രമണ കേസിലാണ് ആരും ശിക്ഷിക്കപ്പെടാതെ പോകുന്നത്. അതില്‍ അങ്ങേയറ്റം വേദനയും രോഷവുമുണ്ട്. പ്രോസിക്യൂഷന്‍ അവതരിപ്പിച്ച തെളിവുകളില്‍ കനത്ത പോരായ്മകളുണ്ട്, അതുകൊണ്ടാണ് ഭീകരപ്രവര്‍ത്തനം ശിക്ഷിക്കപെടാതെ പോകുന്നത്’ 68 പേരാണ് സംഝോത എക്‌സപ്രസ് സഫോടനത്തില്‍ കൊല്ലപ്പെട്ടത്.
മെക്ക മസ്ജീദ് കേസിന്റെ വിധിയും മറ്റൊന്നായിരുന്നില്ല. 11 പേരാണ് തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞവര്‍ഷം എന്‍ഐഎ കോടതി വെറുതെ വിട്ടത്. എന്‍ഐഎയുടെ അന്വേഷണത്തിലെ പിഴവുകാളാണ് കുറ്റാരോപിതരെ വെറുതെ വിട്ടതെന്നായിരുന്നു ആരോപണം.
മൂംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി രൂപികരിക്കപ്പെട്ടത്. എന്‍ ഐ എ അന്വേഷിക്കുന്ന കേസുകളില്‍ 95 ശതമാനത്തിലും ശിക്ഷ ഉറപ്പാക്കാന്‍ കഴിയുന്നുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ അവകാശ വാദം. എന്നാല്‍ ചിലതരം ഭീകര വിരുദ്ധ കേസുകള്‍ അന്വേഷിക്കുന്നതില്‍ എന്‍ഐഎ വീഴ്ചവരുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ പാശ്ചത്തലത്തിലാണ് എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് വിവാദമായിരിക്കുന്നത്.
This post was last modified on July 16, 2019 2:29 pm
Leave a Comment